ഒറ്റ പവന് 1,01,600 രൂപ. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവൻ വില ‘ഒരുലക്ഷം രൂപ’ എന്ന നിർണായക മാന്ത്രികസംഖ്യ പിന്നിട്ടു. ഇനി സ്വർണത്തിൽ ‘ലക്ഷ’ത്തിന്റെ കണക്കുകളുടെ കാലം. ഈ വർഷം ജനുവരിയിൽ 57,000 രൂപ നിരക്കിൽ മാത്രമായിരുന്ന വിലയാണ്, ഏറക്കുറെ ഒറ്റവർഷംകൊണ്ട് ഇരട്ടിച്ച് ലക്ഷം ഭേദിച്ചത്.
സ്വർണത്തിന്റെ ചരിത്രത്തിൽ ഇത്രയും വലിയ മുന്നേറ്റമുണ്ടായ കാലം വേറെയില്ല. ആഭരണപ്രിയരും സാധാരണക്കാരും സ്വർണാഭരണം വാങ്ങാൻ പ്രതിസന്ധി നേരിടും. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ഫീസും ചേരുമ്പോഴുള്ള വാങ്ങൽച്ചെലവ് പലർക്കും താങ്ങാനാവില്ല.
അതേസമയം, സ്വർണത്തിൽ പ്രതീക്ഷയർപ്പിച്ച് ഗോൾഡ് ഇടിഎഫിലും മറ്റും നിക്ഷേപം നടത്തിയവർക്കും സ്വർണാഭരണത്തിന് പകരം നിക്ഷേപമെന്ന നിലയിൽ കോയിനുകളും ബാറുകളും വാങ്ങിവച്ചവർക്കും ഇത് കണ്ണഞ്ചിപ്പിക്കുന്ന നേട്ടത്തിന്റെ കാലം. കേരളത്തിൽ ഇന്ന് 1,760 രൂപ ഉയർന്നാണ് പവൻ വില 1,01,600 രൂപയിലെത്തിയത്. ഗ്രാം വില 220 വർധിച്ച് 12,700 ആയി. 18 കാരറ്റ് സ്വർണം, വെള്ളി വിലകളും പുത്തൻ ‘ആകാശം’ തൊട്ടു. ഗ്രാമിന് 200 രൂപ വർധിച്ച് 10,525 രൂപയാണ് 18 കാരറ്റ് സ്വർണവില. വെള്ളിക്ക് ഗ്രാമിന് 2 രൂപ ഉയർന്ന് 220 രൂപയായി. രാജ്യാന്തര തലത്തിൽ സ്വർണത്തിന് കിട്ടുന്ന അതേ ‘സുരക്ഷിത നിക്ഷേപ’ പെരുമ വെള്ളിക്കും കിട്ടുന്നുണ്ട്.
എന്തുകൊണ്ട് സ്വർണക്കുതിപ്പ്?
യുഎസ്-വെനസ്വേല ഭിന്നത അതിരൂക്ഷമാകുന്നതും റഷ്യ-യുക്രെയ്ൻ സമാധാന നീക്കം വീണ്ടും പൊളിയുമെന്ന ആശങ്ക കനക്കുന്നതും സ്വർണവില കത്തിക്കയറാൻ വഴിയൊരുക്കി. ഭൗമരാഷ്ട്രീയ സംഘർഷ സാഹചര്യങ്ങളിൽ പൊതുവേ കിട്ടുന്ന ‘സുരക്ഷിത നിക്ഷേപം’ എന്ന പരിവേഷമാണ് സ്വർണത്തിനും വെള്ളിക്കും കരുത്താവുന്നത്.
യുദ്ധമുണ്ടായാൽ അത് ആഗോള സാമ്പത്തികമേഖല, വ്യാപാര-വാണിജ്യ ഇടപാടുകൾ, ഓഹരി-കടപ്പത്ര-കറൻസി വിപണികൾ എന്നിവയെ തളർത്തും. ഈ സാഹചര്യത്തിൽ സ്വർണം, െവള്ളി ഇടിഎഫുകൾക്ക് ഡിമാൻഡ് കൂടും. രാജ്യങ്ങൾ കറൻസികൾക്ക് പകരം കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടും. ഇതെല്ലാം വിലകുതിക്കാനിടയാക്കും. രാജ്യാന്തര സ്വർണവില ഒറ്റയടിക്ക് 150ലേറെ ഡോളർ ഉയർന്ന് റെക്കോർഡ് 4,498 ഡോളറിലെത്തി. 4,500 ഡോളർ എന്ന പ്രതിരോധം ഭേദിച്ചാൽ വില ഇനിയും കത്തിക്കയറും.
∙ ഇതിനു പുറമേ, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇനിയും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളും സ്വർണത്തിന് ഉത്തേജകമാണ്. യുഎസിൽ അടിസ്ഥാന പലിശഭാരം കുറഞ്ഞാൽ യുഎസ് കടപ്പത്രം, യുഎസ് ബാങ്ക് നിക്ഷേപം എന്നിവ അനാകർഷകമാകും. യുഎസ് ഡോളറിനെ ഇതു ദുർബലപ്പെടുത്തും. ഇതും സ്വർണത്തിന് കരുത്താകും’ വില കയറും.
∙ വെള്ളിവിലയും രാജ്യാന്തര വിപണിയിൽ ഔൺസിന് 3.43% ഉയർന്ന് 69.45 ഡോളർ ആയി.
സ്വർണക്കുതിപ്പിന്റെ നാൾവഴികൾ
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയാണ് സ്വർണവില അതിന്റെ സർവകരുത്തും കാട്ടി വലിയതോതിൽ മുന്നേറിയത്. കഴിഞ്ഞ ഒന്നൊന്നര വർഷത്തിനിടെ പവൻവില ഇരട്ടിക്കുകയാണ് ചെയ്തത്. സ്വർണക്കുതിപ്പിന്റെ നാൾവഴികളിലൂടെ (പവൻ വില അതത് വർഷത്തെ മാർച്ച് 31ലെ കണക്കുപ്രകാരം).
∙ 1925 : 13.75 രൂപ
∙ 1935 : 22.65 രൂപ
∙ 1950 : 72.75 രൂപ
∙ 1975 : 396 രൂപ
∙ 1985 : 1,573 രൂപ
∙ 1990 : 2,493 രൂപ
∙ 1995 : 3,432 രൂപ
∙ 2000 : 3,212 രൂപ
∙ 2010 : 12,280 രൂപ
∙ 2015 : 19,760 രൂപ
∙ 2018 : 22,600 രൂപ
∙ 2020 : 32,000 രൂപ
∙ 2022 : 38,120 രൂപ
∙ 2023 : 44,000 രൂപ
∙ 2024 : 50,200 രൂപ
∙ 2025 മാർച്ച് : 67,400 രൂപ
∙ 2025 ഡിസംബർ 23 : 1,01,600 രൂപ
ഈ വർഷം ജനുവരി ഒന്നിന് വില പവന് 57,200 രൂപയായിരുന്നു. തുടർന്ന്, 2025ൽ ഇതുവരെ കൂടിയത് 44,400 രൂപ.
ഇന്നൊരു പവൻ ആഭരണം വാങ്ങാനെന്ത് വില?
സ്വർണത്തിന് 3 ശതമാനമാണ് ജിഎസ്ടി. പണിക്കൂലി 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം. ശരാശരി 10% പണിക്കൂലിയാണ് പൊതുവേ ഈടാക്കുന്നത്. പുറമേ 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് (എച്ച്‍യുഐഡി) ഫീസും നൽകണം. ഇത് 53.10 രൂപയാകും. 10% പണിക്കൂലി പ്രകാരം ഇന്നൊരു പവൻ ആഭരണം വാങ്ങിയാൽ 1,15,168 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 14,395 രൂപയാകും.
14 കാരറ്റും 9 കാരറ്റും
22 കാരറ്റ് സ്വർണവിലയും പിന്നാലെ 18 കാരറ്റ് സ്വർണവിലയും വൻ ഉയരത്തിലേക്ക് കത്തിക്കയറിയ പശ്ചാത്തലത്തിൽ, വരുംനാളുകളിൽ കേരളത്തിൽ ഉൾപ്പെടെ 14 കാരറ്റ്, 9 കാരറ്റ് സ്വർണാഭരണങ്ങൾ സ്വീകാര്യത വർധിച്ചേക്കും. 22, 18 കാരറ്റുകളെ അപേക്ഷിച്ച് ഇവയിൽ സ്വർണത്തിന്റെ അളവ് കുറവായിരിക്കും. പണയംവയ്ക്കാനും തടസ്സങ്ങളുണ്ട്. മറിച്ചുവിറ്റാലും കാര്യമായ നേട്ടം കിട്ടില്ല. എങ്കിലും ആഭരണമെന്ന നിലയിൽ വാങ്ങി അണിയാനും സമ്മാനമായി നൽകാനും ഇവ വ്യാപകമായി ഇനി സ്വീകാര്യത നേടിയേക്കാം; താരതമ്യ വില കുറവാണെന്നതു തന്നെ പ്രധാന കാരണം.

