എന്റെ ഭൗതികശരീരം കാണാൻ ബിജെപി-ആർഎസ്എസുകാരെ അനുവദിക്കരുത്; ഏറ്റവും വലിയ തെറ്റ് ഇവർക്കൊപ്പം പ്രവർത്തിച്ചത്; ആത്മഹത്യാ കുറിപ്പ് പുറത്ത്

0
7

തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക് അയച്ച് വാട്സ് ആപ്പ് സന്ദേശമാണ് പുറത്തുവന്നത്. ബിജെപി, ആര്‍എസ്എസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് ആത്മഹത്യാ സന്ദേശം. തൃക്കണ്ണാപുരത്ത് തന്നെ സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്നും ബിജെപി, ആർഎസ്എസ് നേതാക്കൾ മണ്ണ് മാഫിയ ആണെന്നും ആത്മഹത്യാസന്ദേശത്തിൽ ആനന്ദ് ആരോപിക്കുന്നു. തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആത്മഹത്യാ സന്ദേശത്തിൽ ആരോപിക്കുന്നു. അതേസമയം, ആനന്ദിന്‍റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ തൃക്കണ്ണാപുരം വാര്‍ഡിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ ആനന്ദ് കെ തമ്പി തീരുമാനിച്ചിരുന്നു. തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയ പ്രസിഡന്‍റായ ആലപ്പുറം ഉദയകുമാര്‍, നിയോജകമണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്‍റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവരാണ് താൻ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ കാരണമെന്നാണ് ആനന്ദ് ആത്മഹത്യാസന്ദേശത്തിൽ ആരോപിക്കുന്നത്. ഇവര്‍ മണ്ണുമാഫിയയാണെന്നും അവരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരത്തിൽ ഒരാള്‍ വേണമെന്നും അതിനുവേണ്ടിയാണ് മണ്ണു മാഫിയക്കാരനായ വിനോദ് കുമാറിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ആനന്ദ് ആരോപിക്കുന്നു.

ബിജെപി സ്ഥാനാർത്ഥിയായി തൃക്കണ്ണാപുരത്ത് മത്സരിക്കുന്നതിന്‍റെ താല്പര്യം താൻ ആർഎസ്എസിന്‍റെ ജില്ലാ കാര്യകർത്താക്കളെ നേരിട്ട് അറിയിച്ചിട്ടുണ്ടായിരുന്നുവെന്നും പക്ഷേ മണ്ണും മാഫിയ സംഘം ആർഎസ്എസിന്‍റെ ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കിയപ്പോൾ തൃക്കണ്ണാപുരം വാർഡിൽ തനിക്ക് ബിജെപി സ്ഥാനാർഥി ആകാൻ സാധിച്ചില്ലെന്നും അതിനാൽ തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആനന്ദ് ആത്മഹത്യാ സന്ദേശത്തിൽ പറയുന്നത്. എന്നാൽ, സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായതോടെ ആർഎസ്എസ് പ്രവർത്തകരുടെ ബിജെപി പ്രവർത്തകരുടെയും മാനസികമായ സമ്മർദ്ദം തനിക്ക് താങ്ങാൻ കഴിഞ്ഞില്ലെന്നും അടുത്ത സുഹൃത്തുക്കൾ പോലും എന്നിൽ നിന്ന് അകന്നു പോവുകയാണെന്നും ചിലപ്പോൾ അത് തന്‍റെ സ്വഭാവത്തിന്റെ കുഴപ്പമായിരിക്കുമെന്നും ആനന്ദ് ആത്മഹത്യാ സന്ദേശത്തിൽ പറയുന്നുണ്ട്.

തന്‍റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് താൻ ഒരു ആര്‍എസ്എസുകാരനായി ജീവിച്ചിരുന്നുവെന്നതാണെന്നും ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും താനൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായി മാത്രമാണ് ജീവിച്ചിരുന്നതെന്നും അത് തന്നെയാണ് തനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചതെന്നുമാണ് ആനന്ദ് ആത്മഹത്യാ സന്ദേശത്തിൽ പറയുന്നത്. തന്‍റെ ഭൗതിക ശരീരം എവിടെകൊണ്ട് കുഴിച്ചിട്ടാലും സാരമില്ലെന്നും പക്ഷേ ബിജെപി പ്രവര്‍ത്തകരെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും ആ ഭൗതിക ശരീരം കാണാൻ പോലും അനുവദിക്കരുതെന്നും സന്ദേശത്തിലുണ്ട്. ഇനിയും ഒരാള്‍ക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുതെന്ന് പറഞ്ഞാണ് സന്ദേശം ആനന്ദ് കെ തമ്പി അവസാനിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here