വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും അദ്ദേഹം. ന്യൂയോര്‍ക്കിന്റെ ആദ്യത്തെ മുസ്ലിം, ദക്ഷിണേഷ്യന്‍ മേയര്‍ എന്ന പദവിയും ഇനി മംദാനിക്ക് സ്വന്തമാകും.
ട്രംപിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്വോമോ മംദാനിയെക്കാള്‍ ഏറെ പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി കര്‍ട്ടിസ് സ്ലീവ മത്സരിക്കുമ്പോഴാണ് ബലാത്സംഗക്കേസിലുള്‍പ്പെട്ട ക്വോമോയെ ട്രംപ് ഔദ്യോഗികമായി പിന്തുണച്ചത്. അഭിപ്രായ സര്‍വേകളിലും മംദാനിയായിരുന്നു മുന്നില്‍.
ഇന്ത്യന്‍-അമേരിക്കന്‍ ചലച്ചിത്രസംവിധായിക മീരാ നായരുടെയും കൊളംബിയ സര്‍വകലാശാലാ അധ്യാപകനും ഇന്ത്യന്‍ വംശജനുമായ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലായിരുന്നു സൊഹ്‌റാന്‍ മംദാനിയുടെ ജനനം.
വിര്‍ജിനിയയിലും ഡമക്രാറ്റിക് സ്ഥാനാര്‍ഥിക്ക് വിജയം…
വിര്‍ജിനിയയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഗവര്‍ണറായി ഡമക്രാറ്റിക് സ്ഥാനാര്‍ഥി അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗര്‍. ഗവര്‍ണര്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിന്‍സം ഏര്‍ലി സിയേഴ്‌സിനെയാണ് അബിഗെയ്ല്‍ പരാജയപ്പെടുത്തിയത്. വിര്‍ജിനിയയുടെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന ഖ്യാതിയോടെയാണ് അബിഗെയ്ല്‍ അധികാരത്തിലേറുന്നത്.
വിര്‍ജിനിയയ്ക്ക് പുറമേ ന്യൂജേഴ്‌സി ഗവര്‍ണര്‍ തിരഞ്ഞെടുപ്പിലും ഡമക്രാറ്റിക് പാര്‍ട്ടിക്കാണ് വിജയം. ഡമക്രാറ്റിക് സ്ഥാനാര്‍ഥി മിക്കി ഷെറില്‍ ആണ് ന്യൂജേഴ്‌സി ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ജാക്ക് സിയാറ്ററെല്ലിയെയാണ് മിക്കി ഷെറില്‍ പരാജയപ്പെടുത്തിയത്. ന്യൂയോര്‍ക്കിലും വിര്‍ജിനിയയിലും ന്യൂജേഴ്‌സിയിലുമെല്ലാം ഡെമക്രാറ്റിക് പാര്‍ട്ടിയുടെ വിജയം ട്രംപിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

