പുതിയ ആറുവരി ദേശീയപാതയില്‍ കേരളത്തില്‍ ഭൂരിഭാഗം ഇടങ്ങളിലും പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍മാത്രം. അനുവദനീയമായ ചില മേഖലകളില്‍ മാത്രം പരമാവധി വേഗം നൂറുകിലോമീറ്ററാണ്. ഓരോ മേഖലയിലും അനുവദനീയമായ പരമാവധി വേഗം രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുനാവായയിലെ പി.എന്‍. കൃഷ്ണകുമാരന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് ദേശീയപാതാ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വീസ് റോഡുകള്‍ ടൂവേകളാണെങ്കിലും ഇതില്‍ മാറ്റംവരുത്താന്‍ പ്രാദേശികഗതാഗത അധികൃതര്‍ക്ക് അനുമതിയുണ്ടെന്ന് അതോറിറ്റി പറയുന്നു.
ആറുവരിപ്പാതയില്‍ പരമാവധി വേഗം മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആണെന്നാണ് ഭൂരിഭാഗം ആളുകളും കരുതിയിരിക്കുന്നത്. എന്നാല്‍, ആദ്യഘട്ടത്തില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ അനുമതിയില്ല. നിലവില്‍ പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. അതേസമയം, എന്‍ട്രി, എക്സിറ്റ് പോയിന്റുകളില്‍ പരമാവധി വേഗം 50 കിലോമീറ്ററാണ്.
ദേശീയപാതയില്‍ പ്രവേശനം നിരോധിച്ചിട്ടുള്ള വാഹനങ്ങളുടെ കാര്യത്തിലും കൃത്യമായ നിരീക്ഷണമുണ്ടാകും. ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, ട്രാക്ടര്‍ എന്നിവയ്ക്കാണ് പുതുപാതയിലൂടെ സഞ്ചാരം വിലക്കിയിരിക്കുന്നത്. സര്‍വീസ് റോഡുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇത്തരം വാഹനങ്ങളും കാല്‍നടക്കാരും ആറുവരിപ്പാത ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, റോഡ് മുറിച്ചുകടക്കരുത്.
പുതിയ പാതയിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി പലയിടങ്ങളിലും ഇതിനോടകം തന്നെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. ടോള്‍പിരിവ് ആരംഭിക്കുന്നതോടെ ക്യാമറക്കണ്ണില്‍പ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങും. മലപ്പുറം ജില്ലയിലെ രണ്ടു റീച്ചുകളിലായി മാത്രം 116 ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ദേശീയപാതയിലൂടെ തോന്നിയപോലെ വാഹനം ഓടിക്കുമ്പോള്‍ മാത്രമല്ല ക്യാമറയില്‍ കുടുങ്ങുക. മൂന്നുമിനിറ്റില്‍ കൂടുതല്‍ വാഹനം പാതയില്‍ എവിടെയെങ്കിലും നിര്‍ത്തിയിട്ടാലും ക്യാമറയില്‍ കുടുങ്ങും. അമിതവേഗം, ട്രാക്ക് തെറ്റി ഓടിക്കല്‍, സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തത് തുടങ്ങിയവയെല്ലാം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കും. വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താന്‍ ഉപയോഗിക്കുന്ന ക്യാമറകള്‍ കൂടാതെ രണ്ടുതരം ക്യാമറകള്‍കൂടി ദേശീയപാതയില്‍ സ്ഥാപിച്ചിട്ടുണ്ട്. എക്സിറ്റ് പോയിന്റിലൂടെ ആറുവരിപ്പാതയിലേക്ക് വാഹനങ്ങള്‍ കടക്കുന്നതും എന്‍ട്രി പോയിന്റിലൂടെ വാഹനങ്ങള്‍ പുറത്തുകടക്കുന്നതും പിടികൂടാന്‍ പ്രത്യേക ക്യാമറകളുണ്ട്.
വെഹിക്കിള്‍ ഇന്‍സിഡന്റ് ഡിറ്റക്ഷന്‍ സിസ്റ്റം ക്യാമറകളാണിവ. എക്‌സിറ്റ്, എന്‍ട്രി പോയിന്റുകളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. അപകടങ്ങള്‍ സംഭവിച്ചാലും ദിശമാറി വാഹനമോടിച്ചാലും കണ്‍ട്രോള്‍റൂമില്‍ ദൃശ്യങ്ങളെത്തുക ഈ ക്യാമറകളിലൂടെയാണ്. പ്രവേശനാനുമതിയില്ലാത്ത വാഹനങ്ങള്‍ പാതയിലേക്കു കടന്നാലും ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയും. 360 ഡിഗ്രി തിരിയാന്‍ കഴിയുന്ന പിടിസെഡ് (പാന്‍, ടില്‍റ്റ്, സൂം) ക്യാമറകളാണ് മറ്റൊരു പ്രത്യേകത. വാഹനങ്ങളുടെ പാര്‍ക്കിങ്, റോഡ് മുറിച്ചുകടക്കല്‍ എന്നിവ ഈ ക്യാമറവഴി നിരീക്ഷിക്കും.

