തിരുവനന്തപുരം: ചോർച്ച തടയാനും തുണി ഉണക്കാനുമായി വീടിന് മുകളിൽ ഷീറ്റ്, ഓട് എന്നിവകൊണ്ടുള്ള റൂഫിങ് പണിയാൻ തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണ്ട. മൂന്നു നിലവരെയുള്ള വീടുകൾക്കാണ് ഇളവ്. ടെറസിൽ നിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4 മീറ്ററിൽ കൂടരുത്.
300 ച.മീറ്റർ വരുന്ന താമസകെട്ടിടങ്ങൾക്ക് മുൻവശത്തും പിൻവശത്തും പരമാവധി 15 ച. മീറ്റർ വരെ വിസ്തൃതിയിൽ റോഡിൽ നിന്നും ചുരുങ്ങിയത് 60 സെ.മീ ദൂരം പാലിച്ച് ഷീറ്റ് റൂഫിങ് നിർമ്മിക്കുന്നതും അനുവദനീയമാക്കി. സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്ന കെട്ടിടങ്ങളുടെ ഗണത്തിൽ കൂടുതൽ കെട്ടിടങ്ങൾ ഉൾപ്പെടുത്തി. നിലവിൽ 300 ച. മീറ്റർ വരെ വിസ്തീർണ്ണമുള്ളതും രണ്ട് നില വരെയുള്ളതും ഏഴ് മീറ്റർ ഉയരവുമുള്ള വീടുകളെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ ഉയരത്തിന്റെ പരിധി ഒഴിവാക്കി.
കെട്ടിടനിർമാണ ചട്ട ഭേദഗതി വിജ്ഞാപനമായി; രണ്ട് സെന്‍റിൽ 100 ച. മീറ്റർ വീടുകൾക്ക് റോഡ് ദൂരപരിധി ഒരു മീറ്റർ മതി
തിരുവനന്തപുരം: രണ്ട് സെന്‍റ് ഭൂമിയിലെ 100 ച. മീറ്ററിൽ കവിയാത്ത വീടുകൾക്ക് റോഡിൽനിന്നുള്ള ദൂരം ഇനി ഒരു മീറ്റർ മതിയാകും. ഇതുവരെ മൂന്ന് മീറ്ററിൽ കവിയാത്ത വീതിയുള്ള, വിജ്ഞാപനം ചെയ്യാത്ത റോഡിൽനിന്നുള്ള നിർബന്ധിത ദൂരം രണ്ട് മീറ്ററായിരുന്നു. ഇതുൾപ്പെടെ ചെറിയ വീടുകൾക്കും സംരംഭങ്ങൾക്കും കൂടുതൽ ഇളവുകൾ നൽകുന്ന തരത്തിൽ കെട്ടിടനിർമാണ ചട്ടങ്ങളിൽ സർക്കാർ വ്യാപക ഭേദഗതികൾ വരുത്തി വിജ്ഞാപനമിറക്കി.
ഭേദഗതിയിൽ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഇളവുകളുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 100 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള േഫ്ലാർ മിൽ, ഫുഡ് പ്രോസസിങ് യൂനിറ്റ്, ബേക്കറി തുടങ്ങിയവക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഇനി ആവശ്യമില്ല. 300 ച. മീറ്റർ വരെയുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂനിറ്റുകൾക്കും താമസ കെട്ടിടങ്ങൾക്കും സമാന ഇളവുകൾ ലഭിക്കും.
ആകെയുള്ള 117 ചട്ടങ്ങളിൽ 53 എണ്ണത്തിൽ ഭേദഗതി വരുത്തിയതായും ഒരു ചട്ടം ഒഴിവാക്കി രണ്ടെണ്ണം പുതുതായി ഉൾപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. പെർമിറ്റ് കാലാവധി ദീർഘിപ്പിക്കാനുള്ള ഫീസ് പകുതിയായി കുറച്ചു. 10 വർഷത്തിനുശേഷം പെർമിറ്റ് പുതുക്കുമ്പോൾ നിലവിലെ ഫീസിന്റെ ഇരട്ടി അടക്കേണ്ട അവസ്ഥ ഇനിയില്ല. അത് പകുതിയായി കുറക്കും. പെർമിറ്റ് മറികടന്ന് നിർമാണം നടത്തിയാലുള്ള റഗുലറൈസേഷൻ പിഴയും കുറച്ചു. 300 ച. മീറ്ററിന് പെർമിറ്റ് എടുത്തശേഷം 350 ചതുരശ്ര മീറ്ററിൽ നിർമാണം നടത്തിയാൽ, 350 ച. മീറ്ററിനും പെർമിറ്റ് ഫീസിന്റെ ഇരട്ടി പിഴ അടക്കേണ്ടിവന്നിരുന്നു. പുതുക്കിയ ചട്ടപ്രകാരം അധികമായി നിർമിച്ച 50 ച. മീറ്ററിന് മാത്രം പിഴ അടച്ചാൽ മതി.
ഒരു സ്ഥലത്തിന് പെർമിറ്റ് എടുത്തശേഷം അതിന്റെ ഭാഗം വിൽക്കുകയോ ദാനം ചെയ്യുകയോ റോഡിനായി വിട്ടുനൽകുകയോ ചെയ്താലും പെർമിറ്റ് റദ്ദാകില്ല. ഭൂമിയുടെ ഒരു ഭാഗം കൈമാറിയാലും ബാക്കി സ്ഥലത്ത് അനുവദിച്ച പെർമിറ്റ് പ്രകാരം ചട്ടലംഘനമില്ലാതെ കെട്ടിടം നിർമിച്ചാൽ പെർമിറ്റ് നിലവിലുണ്ടാകും.
ജില്ല ടൗൺ പ്ലാനറുടെ ലേ ഔട്ട് അനുമതിയില്ലാതെ സെക്രട്ടറിക്കുതന്നെ നിർമാണാനുമതി നൽകാവുന്ന കെട്ടിടങ്ങളുടെ വ്യാപ്‌തി വർധിപ്പിച്ചു. മെഡിക്കൽ, ഹോസ്‌പിറ്റൽ കെട്ടിടങ്ങൾക്ക് 1500 ച. മീറ്ററിൽനിന്ന് 6000 ച. മീറ്ററിനു മുകളിലാക്കിയാണ് വർധിപ്പിച്ചത്.
അസംബ്ലി, വ്യവസായ വിഭാഗത്തിലുള്ള കെട്ടിടങ്ങൾക്ക് 3000 ച. മീറ്ററിനു മുകളിലും സ്‌റ്റോറേജ് വിഭാഗത്തിലുള്ള കെട്ടിടങ്ങൾക്ക് 8000 ച. മീറ്ററിനു മുകളിലും ഹസാർഡസ് വിഭാഗത്തിലുള്ള കെട്ടിടങ്ങൾക്ക് 500 ച. മീറ്ററിനു മുകളിലുമായി വ്യാപ്‌തി വർധിപ്പിച്ചു. ടർഫ്, ഗെയിം കോർട്ടുകൾ എന്നിവ നിയന്ത്രണം കുറഞ്ഞ വിഭാഗത്തിലേക്ക് കൊണ്ടുവന്നു. കെട്ടിടങ്ങളുടെ പാർക്കിങ് നിബന്ധനകൾ കാലോചിതമായി പരിഷ്കരിച്ചെന്നും മന്ത്രി അറിയിച്ചു.

