ഷാഫിയെ തല്ലിയ ഇന്‍സ്‌പെക്ടര്‍ സര്‍വീസില്‍ തിരിച്ചെത്തിയതില്‍ ദുരൂഹത; അഭിലാഷ് ഡേവിഡ് സിപിഎം അനുഭാവി?

0
20

തിരുവനന്തപുരം/കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ചെന്ന ആരോപണം നേരിടുന്ന ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡ്, സര്‍വീസില്‍നിന്ന് നീക്കിയശേഷം പോലീസില്‍ തിരിച്ചെത്തിയതില്‍ ദുരൂഹത. മണല്‍മാഫിയ ബന്ധത്തിന്റെപേരില്‍ സസ്‌പെന്‍ഷനിലായിരിക്കേ, അഭിലാഷിനെ ലൈംഗികപീഡനക്കേസ് അട്ടിമറിച്ചതിന്റെപേരില്‍ 2023 ജനവരി 23-ന് സര്‍വീസില്‍ നിന്ന് നീക്കിയതായി അന്നത്തെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ അറിയിപ്പ് പത്രങ്ങളില്‍ വന്നിരുന്നു. ഇത് അഭിലാഷോ പോലീസോ നിഷേധിച്ചിരുന്നില്ല.

വടകര കണ്‍േട്രാള്‍ റൂം ഇന്‍സ്‌പെക്ടറായ അഭിലാഷ് ഡേവിഡാണ് തന്നെ മര്‍ദിച്ചതെന്ന ആരോപണം വ്യാഴാഴ്ച പത്രസമ്മേളത്തിലാണ് ഷാഫി പറമ്പില്‍ ഉന്നയിച്ചത്. എന്നാല്‍, തന്നെ പിരിച്ചുവിട്ടിട്ടില്ല, സസ്‌പെന്‍ഡ് ചെയ്തതേയുണ്ടായിരുന്നുള്ളൂ എന്നാണ് അഭിലാഷിന്റെ വാദം. സിപിഎം അനുഭാവിയാണ് അഭിലാഷെന്ന് ആരോപണവുമുയര്‍ന്നിട്ടുണ്ട്.

സേനയുടെ അച്ചടക്കത്തിനുനിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിനാലാണ് ശ്രീകാര്യം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന അഭിലാഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ അച്ചടക്കനടപടിയുണ്ടായത്. കമ്മിഷണര്‍ സി.എച്ച്. നാഗരാജുവാണ് അഭിലാഷ് ഡേവിഡിനെ സര്‍വീസില്‍നിന്ന് താത്കാലികമായി നീക്കി ഉത്തരവിറക്കിയത്.

2023-ല്‍ നിയമസഭാ സമ്മേളനകാലത്ത് പോലീസുകാരുടെ ക്രിമിനല്‍ ബന്ധം സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിനുശേഷമാണ് ഈ മൂന്നുപേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയെടുത്തത്.

അഭിലാഷിന്റെ മണല്‍മാഫിയ ബന്ധം അന്വേഷിച്ചത് ഒരു ഡിവൈഎസ്പിയാണ്. ഈ ഉദ്യോഗസ്ഥന്‍ തന്നെയാണ് ലൈംഗികപീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയതായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, പിന്നീട് അനില്‍കാന്ത് പോലീസ് മേധാവിയായിരിക്കേ നല്‍കിയ അന്വേഷണ ഉത്തരവില്‍ അഭിലാഷിന്റെ മണല്‍മാഫിയ ബന്ധത്തെക്കുറിച്ചുമാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഷെയ്ക്ക് ദര്‍വേഷ് സാഹേബ് പോലീസ് മേധാവിയായിരിക്കേ മണല്‍മാഫിയ ബന്ധത്തിലെ അഭിലാഷിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കുകയുംചെയ്തു. എന്നാല്‍, സര്‍വീസില്‍നിന്ന് നീക്കിയെന്നതിലെ തുടര്‍നടപടികളുടെ കാര്യത്തില്‍ അവ്യക്തതയാണ്.

തെളിവു പുറത്തുവിട്ട് ഷാഫി പറമ്പില്‍

പേരാമ്പ്രയില്‍ തന്നെ മര്‍ദിച്ചത് തിരുവനന്തപുരം ശ്രീകാര്യം സ്റ്റേഷനില്‍ ജോലിയിലിരിക്കേ പിരിച്ചുവിടപ്പെട്ട ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡാണെന്ന് ഷാഫി പറമ്പില്‍ എംപി. ഇത്തരം ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരെ പിരിച്ചുവിട്ടെന്ന് പറയുകയും രഹസ്യമായി തിരിച്ചെടുത്ത് സിപിഎമ്മിന്റെ ഗുണ്ടാപ്പണി എടുപ്പിക്കുകയുമാണെന്നും ഷാഫി പത്രസമ്മേളനത്തില്‍ ആരോപിച്ചു. വടകര കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടറായ അഭിലാഷ് ഡേവിഡ് ലാത്തികൊണ്ട് അടിക്കുന്നതിന്റെ തെളിവും അദ്ദേഹം സംഘര്‍ഷസ്ഥലത്തുണ്ടായിരുന്നെന്ന എഫ്‌ഐആറും എംപി പുറത്തുവിട്ടു. ആദ്യം തലയ്ക്കാണ് അടിച്ചത്. പിന്നെ മൂക്കിനും -അദ്ദേഹം പറഞ്ഞു.

ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല – അഭിലാഷ് ഡേവിഡ്

ഷാഫി പറമ്പില്‍ എംപിക്ക് അടിയേറ്റസ്ഥലത്ത് താന്‍ ഉണ്ടായിരുന്നില്ലെന്നും ബസ് സ്റ്റാന്‍ഡിലാണ് ഡ്യൂട്ടിചെയ്തതെന്നും വടകര കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ് പറഞ്ഞു. ഷാഫിയെ മര്‍ദിക്കുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിലെ പോലീസുകാര്‍ കറുത്ത ഹെല്‍മെറ്റാണിട്ടത്. എന്നാല്‍, താനിട്ടത് കാക്കി ഹെല്‍മെറ്റാണ്. സസ്പെന്‍ഡുചെയ്ത സമയത്ത് പിരിച്ചുവിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. അതെങ്ങനെ വന്നെന്നറിയില്ല. ഷാഫിയുടെ വെളിപ്പെടുത്തലിനെതിരേ നിയമനടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അതിനൊന്നും തന്റെകൈയില്‍ പണമില്ലെന്നായിരുന്നു മറുപടി. ഷാഫിക്ക് മര്‍ദനമേറ്റ സ്ഥലത്തുനിന്ന് 20 മീറ്ററേ ബസ് സ്റ്റാന്‍ഡിലേക്കുള്ളൂ.

പരിശോധിക്കും – ഡിജിപി

പോലീസില്‍നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥനാണ് തന്നെ മര്‍ദിച്ചതെന്ന ഷാഫി പറമ്പില്‍ എംപിയുടെ ആരോപണം പരിശോധിക്കും – റവാഡ ചന്ദ്രശേഖര്‍, സംസ്ഥാന പോലീസ് മേധാവി.

LEAVE A REPLY

Please enter your comment!
Please enter your name here