ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ 32 പേര്‍ മരിച്ചു. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കാവേരി ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചത്. ബസ് ഒരു ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം. 42 പേരാണ് ബസിനുള്ളിലുണ്ടായിരുന്നത്.
മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം പൂര്‍ണമായും കത്തിനശിച്ചു. പന്ത്രണ്ട് യാത്രക്കാര്‍ എമര്‍ജെന്‍സി വിന്‍ഡോ വഴി രക്ഷപ്പെട്ടെന്നും മറ്റുള്ളവര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഗ്‌നിശമനസേന സ്ഥലത്തുണ്ട്. മരണസംഖ്യ ഇനിയും ഉയരാണ് സാധ്യത. സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു.
‘കര്‍ണൂല്‍ ജില്ലയിലെ ചിന്ന ടെക്കൂര്‍ ഗ്രാമത്തിനടുത്ത് ഉണ്ടായ ബസ് തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ അധികാരികള്‍ സാധ്യമായ എല്ലാ പിന്തുണയും നല്‍കും’, അദ്ദേഹം എക്‌സില്‍ കുറിച്ചു.

