ക്യാൻസൽ ചെയ്യേണ്ട, ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിന്റെ യാത്രാ തീയതി മാറ്റാം; അടുത്ത ജനുവരി മുതൽ നടപ്പിലാകും

0
17

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രികര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന പുതിയ നയം അവതരിപ്പിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. യാത്ര പദ്ധതികള്‍ മാറ്റിവെക്കുന്നത് കാരണം മുന്‍കൂട്ടി ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ മാത്രമേ ഇതുവരെ സാധിച്ചിരുന്നുള്ളൂ. ക്യാന്‍സലേഷന്‍ ചാര്‍ജും മറ്റുമായി ടിക്കറ്റ് നിരക്കിന്റെ നല്ലൊരു ഭാഗം ഇതിലൂടെ യാത്രക്കാര്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ യാത്രക്കാര്‍ക്ക് പണം നഷ്ടപ്പെടാതെ തങ്ങളുടെ യാത്രയില്‍ മാറ്റം വരുത്താന്‍ സഹായിക്കുന്ന പുതിയ നയമാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്നത്.

ട്രെയിന്‍ ടിക്കറ്റുകളിലെ യാത്രാ തീയതി അധിക ചാർജ് കൊടുക്കാതെ തന്നെ ഓണ്‍ലൈനായി മാറ്റാന്‍ യാത്രക്കാര്‍ക്ക് സാധിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത വര്‍ഷം ജനുവരി മുതല്‍ ഈ പദ്ധതി പ്രാബല്യത്തില്‍വരും.

നിലവിലെ രീതിയനുസരിച്ച് യാത്രാ തീയതി മാറിയാൽ യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കി പുതിയൊരെണ്ണം ബുക്ക് ചെയ്യുകയേ മാര്‍ഗമുള്ളൂ. ടിക്കറ്റ് റദ്ദാക്കുന്നതിന്റെ കാലക്രമം അനുസരിച്ച് ക്യാന്‍സലേഷന്‍ ചാര്‍ജുകളും നഷ്ടമായിരുന്നു.

പുതിയ നയത്തില്‍ ടിക്കറ്റിന്റെ തീയതി മാറ്റാന്‍ സാധിക്കുമെങ്കിലും സീറ്റുകളുടെ ലഭ്യത അനുസരിച്ച് മാത്രമേ ഇതിന് സാധിക്കൂവെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. കൂടാതെ, പുതിയ ടിക്കറ്റിന് നിരക്ക് കൂടുതലാണെങ്കില്‍, യാത്രക്കാര്‍ ആ വ്യത്യാസം നല്‍കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here