കണ്‍ഫ്യൂഷനും തര്‍ക്കവും വേണ്ട; ഹൈവേയുടെ സര്‍വീസ് റോഡുകള്‍ ടൂവേ തന്നെയെന്ന് ദേശീയപാത അധികൃതര്‍

0
23

മലപ്പുറം: പുതുതായി നിര്‍മിച്ച ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ള സര്‍വീസ് റോഡുകള്‍ ടൂവേ പാതകളാണെന്ന് ദേശീയപാതാ അധികൃതര്‍ അറിയിച്ചു. വിവരാവകാശ അപേക്ഷയുടെ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പലയിടങ്ങളിലും ഇതിനെച്ചൊല്ലി വാഹനമോടിക്കുന്നവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നുണ്ട്.

ദേശീയപാതാ നിര്‍മാണത്തിന് മുന്‍പ് പ്രാദേശികയാത്രകള്‍ക്ക് ഉപയോഗിച്ചിരുന്ന റോഡിന് പലയിടത്തും എട്ടും ഒന്‍പതും മീറ്റര്‍ വീതിയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴുള്ള സര്‍വീസ് റോഡുകള്‍ക്ക് ആറരമീറ്റര്‍ മാത്രമാണ് വീതി. ചിലയിടങ്ങളില്‍ അതുപോലുമില്ല.

ചെറിയദൂരംമാത്രം ഓടുന്ന മിനിലോറികളും ബസുകളും മറ്റു വാഹനങ്ങളും മാത്രമാണ് ഇപ്പോള്‍ സര്‍വീസ്‌റോഡ് ഉപയോഗിക്കുന്നത്. വലിയൊരു വിഭാഗം ഓട്ടോറിക്ഷകളും ബൈക്കുകളും ദേശീയപാതയിലൂടെയാണ് പോകുന്നത്. എന്നിട്ടും ഇപ്പോള്‍ത്തന്നെ സര്‍വീസ് റോഡുകളില്‍ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

ഈ സാഹചര്യത്തില്‍ ട്രാക്ടര്‍, ഓട്ടോ, ബൈക്ക് തുടങ്ങിയവയെല്ലാം സര്‍വീസ് റോഡിലൂടെമാത്രം പോകേണ്ടിവരുമ്പോള്‍ കുരുക്ക് രൂക്ഷമാവും. ദേശീയപാതയുടെ വീതി 65 മീറ്റര്‍ എന്നത് കേരളത്തില്‍ 45 മീറ്റര്‍ ആക്കിയത് ഏറ്റവുമധികം ബാധിച്ചത് സര്‍വീസ് റോഡിന്റെ വീതിയെയാണ്.

ഗതാഗതപ്രശ്‌നം വന്നാല്‍ പരിഹാരമുണ്ടാവും

നിലവില്‍ സര്‍വീസ് റോഡുകള്‍ ടൂവേ ആണ്. വീതികുറഞ്ഞ ഇടങ്ങളില്‍ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. എവിടെയെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ച നടത്തും. ആവശ്യമുള്ള ഇടങ്ങളില്‍ വണ്‍ വേ ആക്കും.

LEAVE A REPLY

Please enter your comment!
Please enter your name here