തിരുവനന്തപുരം: ബിഹാറിൽ തുടക്കമിട്ട വോട്ടർപട്ടിക തീവ്ര പരിഷ്കരണം(എസ്‌ഐആർ) കേരളത്തിലും നടപ്പാക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ് ഇത് പൂർത്തിയാക്കും. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ സമയക്രമം പ്രഖ്യാപിക്കുന്നമുറയ്ക്ക് പട്ടികപുതുക്കൽ തുടങ്ങുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
2002-ലെ പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കുക. ഇതിന് മൂന്നുമാസം വേണ്ടിവരുമെന്ന് സിഇഒ പറഞ്ഞു. 2002-ലെ പട്ടികയിലുള്ളവർ പേര് നിലനിർത്താൻ പുതിയതായി രേഖകൾ നൽകേണ്ട. 2002-നുശേഷം പേരുചേർത്ത, 2025-ലെ പട്ടികയിലുള്ളവർ കമ്മിഷൻ ആവശ്യപ്പെടുന്ന രേഖകളിൽ ഏതെങ്കിലുമൊന്ന് നൽകണം. ആധാർകാർഡും രേഖയായി പരിഗണിക്കും.
പുതുതായി പേരുചേർക്കുന്നവരും രേഖ നൽകണം. രണ്ടുപട്ടികയിലും പേരുള്ള എല്ലാവരും എന്യുമറേഷൻ ഫോറം പൂരിപ്പിച്ചുനൽകണം. വോട്ടർപട്ടിക വെബ്‌സൈറ്റിലുണ്ടാകും. പേരുചേർക്കുന്നതിനൊപ്പം ഒഴിവാക്കാനും മറ്റൊരിടത്തേക്ക് മാറ്റാനും അവസരമുണ്ട്. രാഷ്ട്രീയപ്പാർട്ടി പ്രതിനിധിക്ക് പേരുചേർക്കാവുന്നവരുടെ പരമാവധി എണ്ണം 50 ആയിരിക്കാനാണ് സാധ്യത.
ബിഎൽഒമാർ വീട്ടിലെത്തും
പട്ടിക പുതുക്കാൻ ഓൺലൈനായി അപേക്ഷിക്കാം. എങ്കിലും ബൂത്തുലെവൽ ഓഫീസർമാർ ഓരോ വീട്ടിലുമെത്തി വിവരം പരിശോധിക്കും. ബിഎൽഒ എത്തുമ്പോൾ ആളില്ലെങ്കിലും പിന്നീട് സന്ദർശനസമയം നിശ്ചയിക്കാം. കേരളത്തിൽ എല്ലാവർക്കും ആധാർ കാർഡുണ്ട്. മറ്റേതെങ്കിലും രേഖ ആവശ്യമെങ്കിൽ ബന്ധപ്പെട്ട വകുപ്പുകൾ 15 ദിവസത്തിനകം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും സിഇഒ അറിയിച്ചു.
ഇതരസംസ്ഥാനക്കാർ ഇവിടെ പേരുചേർത്താൽ സ്വദേശത്തെ പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കും. പുതിയ തിരിച്ചറിയൽ കാർഡ് നൽകില്ല. എന്നാൽ, തിരുത്തലിന് സൗകര്യമുണ്ട്. അഭിപ്രായം ആരായാൻ 20-ന് രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കും.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മണ്ഡലത്തിൽ രണ്ടുബൂത്തുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ രണ്ടുപട്ടികയും താരതമ്യംചെയ്തപ്പോൾ 2002-ലെ പട്ടികയിലുള്ള 80 ശതമാനം വോട്ടർമാരും 2025-ലെ പട്ടികയിലുണ്ടെന്ന് ഉറപ്പാക്കി. പ്രവാസികൾക്കും പട്ടിക പുതുക്കാൻ അവസരമൊരുക്കും. ബിഎൽഒമാർ, ഇആർഒമാർ തുടങ്ങിയവർക്കാണ് കരട് പട്ടികയെപ്പറ്റി ഫോറം ഏഴിൽ പരാതി നൽകേണ്ടത്. മൊബൈൽ ആപ്പുവഴിയും നൽകാം. ജില്ലാതലത്തിൽ കോൾ സെന്ററുമുണ്ടാകും.
പരിഗണിക്കുന്ന രേഖകൾ
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൊതുമേഖലാ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന തിരിച്ചറിയൽകാർഡ്, 1987 ജൂലായ് ഒന്നിനുമുൻപ് സർക്കാർ/ തദ്ദേശസ്ഥാപനങ്ങൾ/ബാങ്ക്/ എൽഐസി/പൊതുമേഖലാ സ്ഥാപനം നൽകിയ ഏതെങ്കിലും തിരിച്ചറിയൽകാർഡ്, ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, അംഗീകൃത ബോർഡുകളോ സർവകലാശാലകളോ നൽകിയ പത്താംതരം/വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, സ്ഥിരതാമസക്കാരനാണെന്ന ഉത്തരവാദപ്പെട്ട അതോറിറ്റിയുടെ സർട്ടിഫിക്കറ്റ്, വനാവകാശ സർട്ടിഫിക്കറ്റ്, ഒബിസി/ എസ്‌സി/ എസ്ടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജാതി സർട്ടിഫിക്കറ്റ്, ദേശീയ പൗരത്വപട്ടിക(എൻആർസി), സംസ്ഥാന സർക്കാരോ തദ്ദേശസ്ഥാപനങ്ങളോ തയ്യാറാക്കിയ കുടുംബരജിസ്റ്റർ, സർക്കാർ നൽകുന്ന ഭൂമി/ഭവന കൈമാറ്റസർട്ടിഫിക്കറ്റ് എന്നിവയാണ് ബിഹാറിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റായി അംഗീകരിച്ച രേഖകൾ. ഇതൊക്കെ കേരളത്തിലും പരിഗണിക്കും. ഇതിനൊപ്പമാണ് ആധാറും ഉൾപ്പെടുത്തിയത്.
2.78 കോടി വോട്ടർമാർ
സെപ്റ്റംബർ എട്ടിലെ കണക്കനുസരിച്ച് 2025-ലെ പട്ടികയിൽ സംസ്ഥാനത്ത് 2,78,24,319 വോട്ടർമാരുണ്ട്. ഇതിൽ 1,34,35,048 പുരുഷൻമാർ,1,43,88,911 സ്ത്രീകൾ, 360 ട്രാൻസ്ജൻഡർ. 2002-ലെ പട്ടികയിൽ 1,07,27,068 പുരുഷൻമാരും 1,17,71,872 സ്‌ത്രീകളും ഉൾപ്പെടെ ആകെ 2,24,98,941 വോട്ടർമാർ.
പൗരത്വ തർക്കത്തിൽ ആധാർ പറ്റില്ലെന്ന് തിര. കമ്മിഷൻ
ന്യൂഡൽഹി: ബിഹാർ മാതൃകയിൽ രാജ്യവ്യാപകമായി നടത്താനിരിക്കുന്ന വോട്ടർ പട്ടിക തീവ്ര പരിഷ്കരണ പ്രക്രിയയിൽ (എസ്ഐആർ) പന്ത്രണ്ടാമത്തെ തിരിച്ചറിയൽ രേഖയായി ആധാർ ഉൾപ്പെടുത്താമെങ്കിലും പൗരത്വത്തിനുള്ള രേഖയായി പരിഗണിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ. ആധാർ പൗരത്വത്തിനുള്ള രേഖയല്ലെന്ന് സുപ്രീംകോടതി ഉത്തരവിൽ സ്പഷ്ടമായി പറഞ്ഞിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സിഇഒമാരുടെ കഴിഞ്ഞദിവസത്തെ യോഗത്തിൽ വിശദീകരിച്ചിരുന്നു.