ദേശീയപാത 66: ആകെ 451 ക്യാമറകള്‍, ലൈൻ തെറ്റിച്ചാലും പിടിവീഴും; മുഴുവന്‍ സമയ നിരീക്ഷണത്തിന് എടിഎംഎസ്

0
6

കാസര്‍കോട്: ആറുവരിയില്‍ ദേശീയപാതയില്‍ യാത്രയ്ക്ക് മറ്റു തടസ്സങ്ങളില്ലെന്ന് കരുതി അമിതവേഗമുള്‍പ്പെടെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചാല്‍ പണി കിട്ടും. റോഡിലെത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്. ദേശീയപാത 66-ല്‍ ഉടനീളം ഓട്ടോമാറ്റിക് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എടിഎംഎസ്) പ്രവര്‍ത്തിക്കും. തലപ്പാടി-ചെങ്കള ആദ്യ റീച്ചില്‍ ക്യാമറകള്‍ സ്ഥാപിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു തുടങ്ങി.

വാഹനങ്ങളുടെ വേഗം, സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍, വാഹനങ്ങളെ മറികടക്കല്‍, അപകടകരമായ ഡ്രൈവിങ് എന്നിവയെല്ലാം സെക്കന്‍ഡുകള്‍ നിലയ്ക്കാതെ ക്യാമറകള്‍ ഒപ്പിയെടുത്ത് സൂക്ഷിക്കും. സംസ്ഥാനത്താകെ ഇത്തരത്തില്‍ 451 ക്യാമറകളാണ് സ്ഥാപിക്കുന്നത്. അതില്‍ ഭൂരിഭാഗവും 360 ഡിഗ്രി കറങ്ങുന്നവയുമാണ്.

ഏതുസമയത്തും അപകടങ്ങളുണ്ടായാല്‍ എടിഎംഎസ് നിയന്ത്രണ മുറിയില്‍ അലാറത്തോടെ വിവരങ്ങളെത്തും. തത്സമയ ദൃശ്യങ്ങളും ലഭിക്കും. ദേശീയപാതയില്‍ ഗതാഗത തടസ്സങ്ങളുണ്ടാകാത്ത വിധം അപകടത്തില്‍പ്പെട്ട വാഹനങ്ങളെ നീക്കാന്‍ ക്രെയിനടക്കമുള്ള യന്ത്രസംവിധാനങ്ങളുമുണ്ടാകും. അപകടം നടന്നാല്‍ 1033 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് സന്ദേശമെത്തിയാല്‍ അവിടന്ന് ബന്ധപ്പെട്ട നിയന്ത്രണമുറിയിലേക്കും ഉടന്‍ വിവരങ്ങള്‍ കൈമാറും. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഉടന്‍ ആശുപത്രി സേവനമുറപ്പാക്കും വിധം ആംബുലന്‍സ് സംവിധാനവും എടിഎംഎസിന്റെ ഭാഗമായി പ്രവര്‍ത്തിക്കും.

ദേശീയപാതയില്‍ പലയിടങ്ങളിലായി ഡിജിറ്റല്‍ മുന്നറിയിപ്പ് ബോര്‍ഡുകളുമുണ്ട്. പ്രധാന പാതയില്‍ ട്രാഫിക് ലൈന്‍ തെറ്റിക്കുന്ന വാഹനങ്ങളുടേതടക്കം നമ്പര്‍ സഹിതം എടിഎംഎസിലെത്തും. അപകടസാധ്യത പരമാവധി കുറയ്ക്കുകയാണ് എടിഎംഎസ് കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.

54 ക്യാമറകള്‍; ഓരോന്നും 500 മീറ്റര്‍ വരെ നിരീക്ഷിക്കും
എന്‍എച്ച് 66-ല്‍ നിര്‍മാണം അതിവേഗം പൂര്‍ത്തിയാകുന്ന ആദ്യ റീച്ചില്‍ 54 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 500 മീറ്റര്‍ ദൂരത്തിലുള്ള ദൃശ്യങ്ങള്‍വരെ ഒപ്പിയെടുക്കും. ഇതില്‍ 39 എണ്ണം 360 ഡിഗ്രിയില്‍ കറങ്ങുന്നവയാണ്. മറ്റ് 15 എണ്ണം സര്‍വീസ് റോഡും ദേശീയപാതയും ബന്ധിപ്പിക്കുന്ന മെര്‍ജിങ് പോയിന്റിലാണുള്ളത്. കേരളത്തിലാദ്യമായി മഞ്ചേശ്വരത്ത് ഇതിന്റെ നിയന്ത്രണമുറിയും പ്രവര്‍ത്തനം തുടങ്ങി. ദേശീയപാതാ കരാറുകാരായ യുഎല്‍സിസിഎസാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here