കാസര്‍കോട് :2018 ജൂലൈ ഒന്‍പതിലെ അപകടദിവസം മറക്കാനാകാത്ത ഓര്‍മയായി തുടരുമ്പോഴാണ് സമാനി കുടുംബത്തെ തേടി അടുത്ത ദുരന്തം എത്തുന്നത്. വ്യാഴാഴ്ച കാസർകോട് തലപ്പാടിയിലെ വാഹനാപകടത്തില്‍ മരണപ്പെട്ട കെ.സി റോഡിനടുത്തുള്ള സമാനി കുടുംബത്തെ തേടി സമാന അപകടം എത്തുന്നത് ഇത് രണ്ടാം തവണയാണ്. 2018 ലുണ്ടായ വാഹനാപകടത്തിൽ ഈ കുടുംബത്തിലെ അഞ്ചുപേർ മരിച്ചിരുന്നു. ഏഴു വർഷത്തിനപ്പുറം ഇന്നലെ ഉണ്ടായ വാഹനാപകടത്തിലും കുടുംബത്തിലെ അഞ്ചുപേരാണ് മരണപ്പെട്ടത്.
കെ.സി റോഡ് സമാനി കുടുംബാംഗങ്ങളായ ഖദീജ, നഫീസ, അവ്വമ്മ പേരക്കുട്ടികളായ ആയിഷ , 11 കാരി ഹസ്ന എന്നിവർക്ക് പുറമേ ഓട്ടോഡ്രൈവർ ആയ ഹൈദര്‍ അടക്കം ആറുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2018 ജൂലൈ 9-നാണ് കുടുംബം നേരിട്ട വലിയ ദുരന്തം. ഉപ്പളനടുത്ത് നയാബസാറിന് സമീപം സമാനി കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അന്ന് കുടുംബാംഗങ്ങളായ അഞ്ചുപേർ മരിച്ചു.
2018ലെ അപകടത്തിൽ കുടുംബാംഗങ്ങളായ ബീഫാത്തിമ്മ, മകൾ നസീമ, മരുമകൻ മുസ്താഖ്, ചെറുമകൾ അസ്മ, ഭർത്താവ് ഇംതിയാസ് എന്നിവരാണ് മരിച്ചത്. ഇതിനു പുറമേ, നഫീസയുടെ ഭർത്താവ് റഫീഖ് 10 വർഷം മുമ്പ് ഉച്ചിലയിൽ ഓട്ടോറിക്ഷ ഓടിക്കുമ്പോൾ ഡിവൈഡറിൽ ഇടിച്ച് മരിച്ചിരുന്നു. ബീഫാത്തിമ്മയുടെ മറ്റൊരു മരുമകൻ അഷ്റഫ് 2014-ൽ ബംഗളൂരുവിൽ വാഹനാപകടത്തിലും മരിച്ചു. ഇതോടെ നാലു അപകടങ്ങളിലായി മരിച്ചവരുടെ എണ്ണം പന്ത്രണ്ടാണ്. ഒരേ കുടുംബത്തിലെ 3 തലമുറയിൽ പെട്ടവരാണ് പല അപകട നിരത്തുകളിൽ ഇല്ലാതായത്.