ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും ക്രൂരമായി കൊലപ്പെടുത്തിയത്. സഹസ്ര എന്ന് പേരുള്ള ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. പെൺകുട്ടിയുടെ അച്ഛൻ ബൈക്ക് മെക്കാനിക്കും അമ്മ ലാബ് ടെക്നീഷ്യനുമായി ജോലി ചെയ്ത് വരികയാണ്. സംഭവ സമയത്ത് 6 വയസുകാരനായ സഹോദരൻ സ്കൂളിലായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ ഉച്ചയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പെൺകുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് ആൺകുട്ടി സമ്മതിച്ചതായി ഉന്നത പൊലീസ് വൃത്തങ്ങൾ പറയുന്നതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നിൽ ക്രിക്കറ്റ് ബാറ്റ് മോഷണവുമായി ബന്ധപ്പെട്ട തർക്കമാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. അതേ സമയം, ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാനാണെങ്കിൽ കുട്ടി എന്തിനാണ് കത്തിയുമായി വീട്ടിൽ കയറിയതെന്ന് ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്ന് 4 ദിവസത്തിന് ശേഷമാണ് 14 കാരനായ ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്