ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടി വിമാനക്കമ്പനികൾ; പ്രവാസികളെ പിഴിയാൻ മൂന്നിരട്ടിയോളം വർധന

0
11

മട്ടന്നൂർ: ഗൾഫിലെ അവധിയും ഓണക്കാലവും ലക്ഷ്യമിട്ട് പതിവുപോലെ വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ. ഗൾഫിലെ സ്‌കൂൾ അവധിക്കാലം കഴിഞ്ഞ് തിരിച്ചുപോകുന്ന പ്രവാസികളെ പിഴിയാൻ നിരക്കിൽ മൂന്നിരട്ടിയോളം വർധനയാണ് വരുത്തിയത്. ഇനി ഓണക്കാലം കഴിയുന്നതുവരെ ടിക്കറ്റ് നിരക്ക് ഉയർന്നുനിൽക്കും.

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയാക്കി ഉയർത്തുന്നത് പതിവാണ്. സാധാരണമായി 8000 മുതൽ 12000 രൂപയ്ക്ക് വരെ ലഭ്യമാകുന്ന ഗൾഫിലേക്കുള്ള ടിക്കറ്റിന് ഇപ്പോൾ 30,000 മുതൽ 50,000 രൂപ വരെ നൽകണം. നാട്ടിലെത്തിയ നാലംഗ കുടുംബത്തിന് തിരിച്ചുപോകാൻ രണ്ടുലക്ഷം രൂപയോളം ചെലവാകും. ഓണം സീസൺ കണക്കിലെടുത്ത് സെപ്റ്റംബറിൽ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും കുത്തനെ ഉയരും. ക്രിസ്മസ്, പുതുവർഷ സീസണുകളിലും ഉയർന്ന യാത്രാനിരക്ക് ഈടാക്കാറുണ്ട്.

കേരളത്തിലെ മറ്റു വിമാനത്താവളങ്ങളേക്കാൾ സർവീസുകൾ കുറവായതിനാൽ കണ്ണൂരിൽനിന്നുള്ള യാത്രയ്ക്ക് കൂടുതൽ തുക ചെലവാകും. കണ്ണൂരിൽനിന്ന് ജിദ്ദയിലേക്ക് ഓഗസ്റ്റ് 30-ന്റെ യാത്രാനിരക്ക് 66,000 രൂപയാണ്. കണ്ണൂരിൽനിന്ന് ദുബായ്, ഷാർജ സെക്ടറുകളിലേക്ക് എയർഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് സർവീസ് നടത്തുന്നത്. ദോഹ, മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്ക് എയർഇന്ത്യ എക്‌സ്‌പ്രസിനും ഇൻഡിഗോയ്ക്കും സർവീസുകളുണ്ട്. ഉത്സവ സീസണുകളിൽ അനിയന്ത്രിതമായി വിമാനയാത്രാനിരക്ക് വർധിപ്പിക്കുന്നത് തടയാൻ നടപടി വേണമെന്ന് സംസ്ഥാന സർക്കാരും എംപിമാരും പലതവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

കീശ കീറും

ഓഗസ്റ്റ് 25-ന് കണ്ണൂരിൽനിന്ന് വിവിധ റൂട്ടുകളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്‌ യാത്രാനിരക്ക്. (സാധാരണ നിരക്ക് 8000 മുതൽ 12000 വരെയാണ്)

കണ്ണൂർ-ദുബായ് – 36,791 രൂപ
കണ്ണൂർ-ഷാർജ – 36,640
കണ്ണൂർ-ദോഹ – 40,926
കണ്ണൂർ-മസ്‌കറ്റ് – 25,814

LEAVE A REPLY

Please enter your comment!
Please enter your name here