ടിസിയില്ലെങ്കിലും സ്‌കൂള്‍ മാറാം; അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് തിരിച്ചടി,എയ്ഡഡ് സ്‌കൂളുകള്‍ക്ക് നേട്ടം

0
125

കണ്ണൂര്‍: പൊതുവിദ്യാലയങ്ങളില്‍ ഓരോ വര്‍ഷവും വിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ കുറയുമ്പോള്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെയെത്തിക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. അതിന്റെ ഭാഗമായി രണ്ടുമുതല്‍ പത്താംതരം വരെയുള്ള കുട്ടികളെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) ഇല്ലാതെ ചേര്‍ക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. കുട്ടികള്‍ ഒഴിഞ്ഞുപോകുന്നത് ചെറുക്കാന്‍ ടിസി നല്‍കാത്ത ചില അണ്‍ എയ്ഡഡ് വിദ്യാലയ അധികൃതരുടെ നിലപാടിന് തിരിച്ചടിയുമാണ് പുതിയ ഉത്തരവ്.

രണ്ടുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനമാക്കി പ്രവേശനം നല്‍കാമെന്നാണ് ഉത്തരവ്. ഒന്‍പത്, പത്ത് ക്ലാസുകളില്‍ വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തില്‍ കുട്ടികളെ ചേര്‍ക്കാം. എല്ലാ വിഷയങ്ങള്‍ക്കും വകുപ്പ് തയ്യാറാക്കുന്ന ചോദ്യക്കടലാസ് ഉപയോഗിച്ച് വിദ്യാഭ്യാസ ഓഫീസറുടെ മേല്‍നോട്ടത്തിലായിരിക്കണം പരീക്ഷയെന്നാണ് ഉത്തരവ്. കഴിഞ്ഞ അധ്യയനവര്‍ഷം സംസ്ഥാനത്ത് 3,55,967 വിദ്യാര്‍ഥികളാണ് അണ്‍ എയ്ഡഡ് മേഖലയില്‍ ഒന്നുമുതല്‍ 10 വരെയുള്ള ക്‌ളാസുകളിലുണ്ടായിരുന്നത്. അതില്‍ നല്ലൊരു വിഭാഗത്തെ പൊതു വിദ്യാലയങ്ങളിലേക്കെത്തിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.

2022-23 അധ്യയനവര്‍ഷത്തെക്കാള്‍ 2023-24 അധ്യയനവര്‍ഷത്തില്‍ 86,752 വിദ്യാര്‍ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍, 2024-24 അധ്യയനവര്‍ഷം എണ്ണക്കുറവ് ഒരുലക്ഷം കടന്നു-1,03,005. ഇക്കുറിയും ഈ വിടവ് കൂടുമെന്ന് മുന്‍കൂട്ടി കണ്ടാണ് കുട്ടികളെ എത്തിച്ച് പൊതുവിദ്യാലയങ്ങള്‍ ശക്തമാക്കാനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങിയത്.

ഉറപ്പിക്കേണ്ടതുണ്ട് അധ്യാപക തസ്തികകളും

ആറാം പ്രവൃത്തിദിനത്തിലെ കണക്കനുസരിച്ച് കഴിഞ്ഞ അധ്യയനവര്‍ഷം 3400 ക്ലാസ് ഡിവിഷനുകള്‍ ഒഴിവാക്കേണ്ടിവരുമായിരുന്നു. അതിനൊപ്പം ഒന്നുമുതല്‍ 10വരെയുള്ള ക്ലാസുകളില്‍ ഒരുലക്ഷത്തിന് മുകളില്‍ കുട്ടികള്‍ കുറയുന്നത് നാലായിരത്തോളം അധ്യാപക തസ്തികകളെ ബാധിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. ഓരോവര്‍ഷവും ഒന്നാംതരത്തിലെത്തുന്ന കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here