കേരളത്തിൽ പെരുമഴ വരുന്നു, ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മറ്റന്നാൾ റെഡ് അലർട്ട് അടക്കം മുന്നറിയിപ്പ്

0
57

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യ, വടക്കൻ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ആറ് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. എല്ലാ ജില്ലകളിലും മഴയ്ക്കുള്ള സാധ്യതയുണ്ട്. ബാക്കി എല്ലാ ജില്ലകളിലും മഞ്ഞ അലേര്‍ട്ടാണ് ഉള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളപ്പോഴാണ് ഓറഞ്ച് അലേര്‍ട്ട് നൽകുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടുമുണ്ട്. ബാക്കി ജില്ലകളിൽ മഞ്ഞ അലേര്‍ട്ടുമുണ്ട്. 25ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ റെഡ് അലേർട്ട് മുന്നറിയിപ്പുണ്ട്.

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ, കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെ തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. കേരള തീരത്ത് രാത്രി 08.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും കന്യാകുമാരി തീരത്ത്‌ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here