സ്വർണത്തിന് കനത്ത തകർച്ച; കേരളത്തിൽ ഉച്ചയ്ക്ക് വില വീണ്ടും ഇടിഞ്ഞു, തീരുവയുദ്ധത്തിൽ യുഎസ്-ചൈന ‘വെടിനിർത്തൽ’

0
18

സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. ഉച്ചയ്ക്ക് ഗ്രാമിന് (gold) 130 രൂപ ഇടിഞ്ഞ് വില 8,750 രൂപയും പവന് 1,040 രൂപ കുറഞ്ഞ് 70,000 രൂപയുമായി. കഴിഞ്ഞ ഏപ്രിൽ 15നു ശേഷം പവൻവില 70,000 രൂപ നിരക്കിലേക്ക് താഴുന്നത് ആദ്യമാണ്. കഴിഞ്ഞ ഏപ്രിൽ 22ന് കുറിച്ച പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.

ഇന്നു രാവിലെയും ഉച്ചയ്ക്കുമായി സ്വർണവില ഗ്രാമിന് കുറഞ്ഞത് 295 രൂപയാണ്; പവന് 2,360 രൂപയും. സമീപകാലത്ത് ഒറ്റദിവസം ഇത്രയും വിലയിടിയുന്നതും ആദ്യം. രാവിലെ ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണവിലയും മാറിയിട്ടുണ്ട്. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം വില ഗ്രാമിന് 110 രൂപ കുറഞ്ഞ് 7,210 രൂപയായി. രാവിലെ 135 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്നാകെ കുറഞ്ഞത് 245 രൂപ. വെള്ളി (Silver) വിലയിൽ ഉച്ചയ്ക്ക് മാറ്റംവരുത്തിയിട്ടില്ല.

എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയും സ്വർണവില സമാനനിരക്കിൽ തന്നെ കുറഞ്ഞു. ഇവർ 18 കാരറ്റ് സ്വർണത്തിന് (18 carat gold) പക്ഷേ നൽകിയിരിക്കുന്ന വില ഉച്ചയ്ക്ക് ഗ്രാമിന് 110 രൂപ കുറച്ച് 7,180 രൂപയാണ്. വെള്ളിവില 108 രൂപ തന്നെ. സ്വർണവില നിർണയത്തിൽ അസോസിയേഷനുകൾക്കിടയിൽ ഭിന്നതയുള്ളതാണ് വ്യത്യസ്ത വിലയ്ക്കു കാരണം.

ലോകത്തെ ഒന്നും രണ്ടും സാമ്പത്തികശക്തികളായ യുഎസും ചൈനയും (US-China Tariffs) വ്യാപാരത്തർക്കത്തിന് വിരാമമിട്ട് 90 ദിവസത്തേക്ക് തിരിച്ചടിത്തീരുവ (reciprocal tariffs) മരവിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സ്വർണവിലയുടെ വീഴ്ച. ധാരണപ്രകാരം ഇരു രാജ്യങ്ങൾക്കുമിടയിലെ തിരിച്ചടിത്തീരുവ (പകരത്തിനുപകരം ഏർപ്പെടുത്തിയ തീരുവ) 125ൽ നിന്ന് 10 ശതമാനമായി കുറയും. അതേസമയം, ചൈനയിൽ നിന്നുള്ള ചില ഉൽപന്നങ്ങളുടെ (ഫെന്റനെൽ/fentanyl പോലുള്ളവ) തീരുവ 20 ശതമാനമായി തുടരും. ഫലത്തിൽ, മൊത്തം തീരുവ 30 ശതമാനം.

ഇരു രാജ്യങ്ങളും തൽകാലം തീരുവയുദ്ധത്തിൽ ‘വെടിനിർത്തൽ’ പ്രഖ്യാപിച്ചതോടെ രാജ്യാന്തര സ്വർണവില കൂടുതൽ ഇടിയുകയായിരുന്നു. രാവിലെ ഔൺസിന് 3,280 ഡോളറായിരുന്ന വില ഇപ്പോഴുള്ളത് 3,233 ഡോളറിൽ. വില ഇനിയും ഇടിഞ്ഞേക്കാമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഒരുവേള 3,140 ഡോളറിനും താഴെ എത്തിയേക്കാം. അങ്ങനെയെങ്കിൽ കേരളത്തിൽ‌ വില പവന് 68,000-69,000 രൂപ നിരക്കിലേക്കും ഇടിയും.

യുഎസ്-ചൈന വ്യാപാരഡീൽ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഡോളർ‌ ഇൻഡക്സും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) മുന്നേറിയതും സ്വർണത്തിന് ക്ഷീണമായി. ഏതാനും ദിവനസം മുമ്പുവരെ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയ്ക്കെതിരായ യുഎസ് ഡോളർ‌ ഇൻഡക്സ് 99 നിലവാരത്തിലായിരുന്നത് ഇപ്പോൾ 101.50 ആയി. 10-വർഷ ട്രഷറി യീൽഡ് 4 ശതമാനത്തിൽ നിന്ന് 4.438 ശതമാനത്തിലേക്കും ഉയർന്നു. ഓഹരി വിപണികളുടെ നേട്ടവും സ്വർണത്തെ താഴേക്ക് നയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here