റാവൽപിണ്ടി സ്റ്റേഡിയത്തിൽ ഡ്രോൺ ആക്രമണം, പാക്ക് സൂപ്പർ ലീഗ് പ്രതിസന്ധിയിൽ; മത്സരങ്ങൾ മാറ്റിയേക്കും

0
32

റാവല്‍പിണ്ടി∙ പാക്കിസഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്ന റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനു നേരെ ഡ്രോൺ ആക്രമണം. ഡ്രോൺ ആക്രമണത്തില്‍ സ്റ്റേഡിയത്തിനു കേടുപാടുകൾ സംഭവിച്ചതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിഎസ്എലിലെ പെഷവാർ സൽമി– കറാച്ചി കിങ്സ് മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപായിരുന്നു ഡ്രോൺ പതിച്ചത്.

പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഡ്രോൺ ആക്രമണത്തോടെ പാക്ക് സൂപ്പർ ലീഗ് നടത്തിപ്പും പ്രതിസന്ധിയിലായി. വ്യാഴാഴ്ചത്തെ പിഎസ്എൽ മത്സരം കറാച്ചിയിലേക്കു മാറ്റുമെന്നാണു വിവരം. സംഭവത്തിനു പിന്നാലെ പിഎസ്എൽ നടത്തിപ്പ് ചർച്ച ചെയ്യാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് യോഗം വിളിച്ചു. റാവൽപിണ്ടിയിൽ പതിച്ച ഡ്രോൺ നിർവീര്യമാക്കിയതായി പാക്കിസ്ഥാൻ സൈന്യം അവകാശപ്പെട്ടു.

വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സായുധ സേന പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആക്രമണത്തിനിടെ ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ നിർവീര്യമാക്കി. കഴിഞ്ഞ ദിവസം അവന്തിപുര, ശ്രീനഗർ, ജമ്മു, പഠാൻകോട്ട്, അമൃത്‌സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡിഗഡ്, നാൽ, ഫലോഡി, ഉത്തർലൈ, ഭുജ് എന്നിവയുൾപ്പെടെ വടക്ക് – പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക ലക്ഷ്യങ്ങളെ പാക്കിസ്ഥാൻ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here