ആഗോള ഭീകരനും കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നിലെ മുഖ്യസൂത്രധാരനുമായ അബ്ദുൽ റൗഫ് അസ്ഹർ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലഷ്കർ ഇ തൊയ്ബയുടെ കമാൻഡറായിരുന്ന അസ്ഹർ, ഇന്ത്യ തേടുന്ന ഭീകരരിൽ പ്രധാനിയാണ്. ജെയ്ഷെ അധ്യക്ഷൻ മസൂദ് അസ്ഹറിന്റെ സഹോദരൻ കൂടിയാണ് അബ്ദുൽ റൗഫ് അസ്ഹർ.
ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചയാളാണ് റൗഫ് അസ്ഹർ. പാകിസ്ഥാൻ ബഹവൽപൂരിലെ ജെയ്ഷെ ആസ്ഥാനത്ത് നടത്തിയ മിസൈലാക്രമണത്തിൽ മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ v അസ്ഹറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ മരിച്ചുവെന്നാണ് വിവരം.
രാജ്യം കണ്ട ഏറ്റവും ഭയാനകമായ വിമാനറാഞ്ചലായിരുന്നു 1999 ഡിസംബർ 31 ന് നടന്ന IC -814 വിമാന റാഞ്ചൽ. കാഠ്‌മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നു ഡൽഹിയിലേക്കു പറന്നുയർന്ന ഇന്ത്യൻ എയർലൈൻസിന്റെ ഐസി- 814 എയർബസ് എ 300 വിമാനം തോക്കുധാരികളായ 5 പാകിസ്ഥാൻകാർ റാഞ്ചിയെടുക്കുക ആയിരുന്നു.
ഇന്ത്യ ജയിലിലാക്കിയ മസൂദ് അസ്ഹറിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിമാനറാഞ്ചൽ. യാത്രക്കാരുടെ ജീവൻവച്ചു തീവ്രവാദികൾ നടത്തിയ വിലപേശലിന് ഇന്ത്യ വഴങ്ങി.മസൂദ് അസ്ഹർ ഉൾപ്പെടെ മൂന്ന് ഹർക്കത്തുൽ മുജാഹിദീൻ ഭീകരരെ അന്നത്തെ വാജ്‌പേയ് സർക്കാർ വിട്ടയച്ചു.