‘ഓപ്പറേഷൻ സിന്ദൂർ’ ലോകത്തെ അറിയിച്ച പെൺകരുത്ത്; ആരാണ് കേണൽ സോഫിയയും കമാൻഡർ വ്യോമികയും ?

0
42

ന്യൂഡല്‍ഹി: ഇന്ത്യൻ സ്ത്രീകളുടെ കൺമുന്നിൽ അവരുടെ പങ്കാളികളെ തെരഞ്ഞ് പിടിച്ച് കൊന്ന പഹൽഗാമിലെ ഭീകരർക്കുള്ള തിരിച്ചടിക്ക് ‘ഓപറേഷൻ സിന്ദൂർ’ എന്ന് പേരിട്ടതിലൂടെ ആ സ്ത്രീകളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു ഇന്ത്യൻ സൈന്യം. തിരിച്ചടിയെ കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ കരസേനയിലെ കേണൽ സോഫിയ ഖുറേഷിയെയും വ്യോമസേനയിലെ വിങ് കമാൻഡർ വ്യോമിക സിങ്ങിനെയും ഓപറേഷനെ കുറിച്ച് വിശദീകരിക്കാൻ നിയോഗിച്ചതിലും ഈ സന്ദേശമാണ് സൈന്യം നൽകിയത്. ഓപറേഷൻ സിന്ദൂർ കര-വ്യോമ-നാവികസേനകളുടെ സംയുക്ത ഓപറേഷനായിരുന്നു.

ഗുജറാത്ത് സ്വദേശിയായ സോഫിയ ഖുറേഷി കരസേനയുടെ കണ്ടിജെന്റിനെ നയിച്ച ആദ്യ വനിത കമാൻഡറാണ്. സോഫിയയുടെ ഭർത്താവും കരസേനയിലാണ്. നേരത്തെ യുഎൻ സമാധാന സേനയുടെ ഭാഗമായി കോംഗോയിലും മറ്റും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സോഫിയയുടെ മുത്തശ്ശനും സൈനികോദ്യോഗസ്ഥനായിരുന്നു.

സോഫിയയോടൊപ്പം ഓപറേഷൻ വിശദീകരിച്ച എയർ ഫോഴ്സ് വിങ് കമാൻഡർ വ്യോമിക സിങ് വ്യോമസേനയിലെ ഹെലികോപ്ടർ പൈലറ്റാണ്. കശ്മീരിലും വടക്കു കിഴക്കൻ മേഖലയിലും അപകടകരമായ പ്രദേശങ്ങളിൽ ഹെലികോപ്ടർ പറത്തി വൈദഗ്ധ്യം നേടിയ വ്യോമിക ചേതക്, ചീറ്റ ഹെലികോപ്ടറുകൾ പറത്തുന്നതിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്.

പുരുഷന്മാരെ തെരഞ്ഞെ് പിടിച്ച് കൊല്ലുകയും സ്ത്രീകളെ വെറുതെ വിടുകയുമായിരുന്നു പഹൽഗാമിൽ ഭീകരർ ചെയ്തത്. ഭർത്താവിനെ കൊല്ലുന്നത് നേരിട്ട് കണ്ട യുപിക്കാരി അശന്യ ദ്വിവേദി തന്നെയും കൊന്നേക്കൂ എന്ന് വിലപിച്ചു. ഈ കൂട്ടക്കൊല സർക്കാരിനോട് പോയി പറയൂ എന്നായിരുന്നു ഭീകരർ അവരോട് ആവശ്യപ്പെട്ടത്. മധുവിധു തീരും മുന്‍പേ പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ട ഹരിയാനക്കാരി ഹിമാംശിയുടെ ചിത്രം രാജ്യത്തിന്റെ നൊമ്പരമായി മാറി.

സീമന്തരേഖയിലെ സിന്ദൂരം മായ്ച്ച ഭീകരതക്കുള്ള തിരിച്ചടിക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകിയത് ഉചിതമായെന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ മകൾ ആരതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here