ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ കശ്മീരിലെ പൂഞ്ച് സെക്ടറിൽ 15 പേർ കൊല്ലപ്പെട്ടു. പൂഞ്ച് സ്വദേശികളായ കശ്‍മീരികളാണ് മരിച്ചവരെല്ലാം. 43 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പൂഞ്ചിൽ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ നിരപരാധികളായ കശ്‌മീരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. പ്രദേശത്തെ സലാമാബാദിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തെത്തിച്ചിരുന്നു. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ 1.05 മുതല്‍ ഒന്നര വരെ ശക്തമായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാകിസ്ഥാനിലെ ഭവല്‍ പൂര്‍, മുറിട്കേ, സിലാല്‍കോട്ട്, കോട്ലി, ഭിംബീര്‍, ടെഹ്റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങൾ തകർത്തു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്‍റെ കുടുംബത്തിലെ 14 പേരടക്കം 32 പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എട്ട് മരണമെന്നാണ് പാക് സൈന്യം പറയുന്നത്. 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടതായാണ് ഇന്ത്യയുടെ കണക്ക്.
രാത്രി മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണം നിരീക്ഷിച്ചു. ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനോട് തൊട്ടടുത്തുള്ളതും, വ്യോമാക്രണത്തിന് സാധ്യതയുള്ളതുമായ രാജ്യത്തെ 10 വിമാനത്താവങ്ങള്‍ ഇന്ത്യ അടച്ചു. ഒരു സൈനിക കേന്ദ്രത്തെ പോലും ആക്രമിച്ചിട്ടില്ലെന്നും തകര്‍ത്തത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
പാകിസ്ഥാൻ പ്രത്യാക്രമണത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി, വിങ് കമ്മാൻഡർ വ്യോമിക സിങും വാർത്താ സമ്മേളനത്തിൽ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വെടിവയ്പ്പ് നടത്തിയ പാകിസ്ഥാനിൽ പിന്നാലെ റെഡ് അലർട്ട് പുറപ്പെടുവിച്ചു. പാക് സൈന്യത്തിന് തിരിച്ചടിക്കാൻ പാക് സർക്കാർ നിർദേശം നൽകി.