മംഗളൂരു ബജ്റംഗദൾ നേതാവിൻ്റെ കൊലപാതകം: കർണാടക സർക്കാരിനെതിരെ ആരോപണവുമായി ബിജെപി

0
112

മംഗളൂരുവിൽ ബജ്റംഗദൾ നേതാവ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ട കേസിൽ കർണാടക സർക്കാറിനെതിരെ ആഞ്ഞടിച്ച് ബിജെപി. പ്രതികളെ പിന്തുണച്ച യു.ടി. ഖാദർ, സ്പീക്കർ സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എൻഐഎ കേസ് അന്വേഷിക്കുന്നതിനെ കോൺഗ്രസ് നേതാക്കൾ ഭയക്കുന്നത് എന്തിനാണെന്ന് ബിജെപി എംപി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട ചോദിച്ചു.

ബജ്റംഗദൾ നേതാവ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത് കോൺഗ്രസ് നേതാക്കളുടെയും, കർണാടക സർക്കാരിൻ്റെയും പിന്തുണയോടെയെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവർത്തകരാണ് മെയ് ഒന്നിന് കൊല നടത്തിയതെന്ന് ബിജെപി എംപി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട ആരോപിച്ചു. കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര, മംഗളൂരുവിലെ ചില മുസ്ലീം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇതിന് പിന്നാലെ എൻഐഎ അന്വേഷണം വേണമെന്ന ബിജെപി അവശ്യം കർണാടക സർക്കാർ തള്ളിയെന്നും ബ്രിജേഷ് ചൗട്ട ആരോപിച്ചു.

സ്പീക്കറായ യു.ടി. ഖാദർ ആ പദവിയുടെ ഭാഗമായി നിഷ്പക്ഷത പാലിക്കുന്നതിനു പകരം, അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പേ പ്രതികൾക്ക് ക്ലീൻ ചിറ്റ് നൽകുകയാണ് ചെയ്തതെന്ന് ദക്ഷിണ കന്നഡ ബിജെപി അധ്യക്ഷൻ സതീഷ് കുമ്പള ആരോപിച്ചു. യു.ടി. ഖാദറും കോൺഗ്രസ് നേതാവ് ഇനായത്ത് അലിയും കുറ്റാരോപിതരും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. പ്രതികളെ സംരക്ഷിക്കാൻ യു.ടി. ഖാദർ അധികാരം ദുരുപയോഗം ചെയ്തു. പ്രതികളുമായി ഫോണിൽ സംസാരിച്ച ഖാദറിനെതിരെ നടപടി വേണം. യു.ടി. ഖാദർ രാജിവയ്ക്കുകയോ ഗവർണർ ഇടപെട്ട് ഖാദറിന്റെ രാജി ആവശ്യപ്പെടുകയോ ചെയ്യണമെന്നും ദക്ഷിണ കന്നഡ ബിജെപി അധ്യക്ഷൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സഫ്‌വാൻ എന്ന പ്രാദേശിക ഗുണ്ടയുടെ സംഘത്തിൽപ്പെട്ട എട്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെയും പൊലീസ് ചോദ്യം ചെയ്തു.

മെയ് ഒന്നിന് രാത്രി എട്ടരയോടെ മംഗളൂരുവിലെ ബാജ്പെയിൽ വെച്ചാണ് പിക്കപ്പ് വാനിൽ എത്തിയ ആറംഗസംഘം സുഹാസ് ഷെട്ടിയേയും സുഹൃത്തുക്കളെയും അക്രമിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ബജ്റംഗദൾ നേതാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here