ഉപ്പള∙ മതിയായ ഡോക്ടർമാർ ഇല്ലാത്തതിനാൽ മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ രാത്രികാല പരിശോധന നിർത്തി. വൈകിട്ട് ആറുമണിയോടെ ആശുപത്രിയിലേക്കുള്ള ഗേറ്റ് അടയ്ക്കുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.9 ഡോക്ടർമാരിൽ 3 പേർ മാത്രമാണു ഇവിടെയുള്ളത്. ദിവസത്തിൽ 750 രോഗികളെത്തുന്ന ആശുപത്രിയിൽ നിലവിലുള്ള 3 ഡോക്ടർമാർക്ക് 3 ഷിഫ്റ്റുകളിലായി ജോലി ചെയ്യാൻ കഴിയാത്തതിനാലാണ് രാത്രികാല ചികിത്സ നിർത്താൻ കാരണമെന്നു പറയുന്നു. രാവിലെ 8 മുതൽ 2 വരെ 500ലധികം രോഗികളെത്തുന്നു. ഉച്ചയ്ക്കും രാത്രിയുമായി ധാരാളം രോഗികൾ എത്താറുണ്ട്. ഉച്ച വരെയുള്ള രോഗികളെ ചികിത്സിക്കാൻ തന്നെ ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത അവസ്ഥയാണ്.
സൂപ്രണ്ട് തസ്തികയും ഒഴിവാണ്. നിലവിലുള്ള 3 ഡോക്ടർമാരിൽ സീനിയറായ അസിസ്റ്റന്റ് സർജനാണ് സൂപ്രണ്ടിന്റെ ചുമതല നൽകിയിട്ടുള്ളത്. ഇവരും ഒപിയിൽ എത്തിയ രോഗികളെ പരിശോധിക്കുന്നതോടൊപ്പം ഭരണനിർവഹണ കാര്യങ്ങളും നോക്കുന്നുണ്ട്. രാത്രികാല ചികിത്സ നിർത്തിയെങ്കിലും രോഗികൾ വന്ന് ഗേറ്റിന്റെ പുറത്തുനിന്ന് കാത്ത് തിരിച്ച് പോകുന്നു. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇതു കണ്ടില്ലെന്ന് നടിക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു. ഒരു മാസം മുൻപ് തന്നെ ആശുപത്രി അധികൃതർ ഡോക്ടർമാർ ഇല്ലാത്ത ദുരിതം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നിയമിക്കാനുള്ള ശ്രമം ഉണ്ടായില്ല. പ്രശ്നം പരിഹരിക്കണമെന്നും ഒഴിവുള്ള തസ്തികയിലേക്കു ഡോക്ടർമാരെ നിയമിക്കണമെന്നാണും നാട്ടുകാർ ആവശ്യപ്പെട്ടു.