സര്‍ക്കാര്‍ അനുവദിച്ച ഭൂമി 15 വര്‍ഷത്തിനുശേഷം വില്‍ക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ പണയം വയ്ക്കാനും പട്ടികജാതിക്കാര്‍ക്ക് അനുമതി. വാസയോഗ്യമല്ലാത്ത ഭൂമിയുള്ളവര്‍ക്കും പുതിയ ഭൂമി വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതുള്‍പ്പെടെ പട്ടിക ജാതിക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതി സര്‍ക്കാര്‍ സമഗ്രമായി പരിഷ്‌കരിച്ചു. 34 വര്‍ഷത്തിനുശേഷമാണ് സമഗ്ര പരിഷ്‌കാരം നടപ്പാക്കുന്നത്.
1989ലാണ് പട്ടിക ജാതി വിഭാഗത്തിലുള്ളവര്‍ക്ക് ഭൂരഹിത പുനരധിവാസ പദ്ധതി നടപ്പാക്കിയത്. ഇതിനുശേഷം കാലാനുസൃതമായ മാറ്റം കൊണ്ടു വന്നിരുന്നില്ല. ഇതിലെ മാനദണ്ഡങ്ങള്‍ പലരേയും പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നതാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സമഗ്രമായ പരിഷ്‌കരണം നടത്തിയത്.
Also Read:ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടല്‍ ഇന്ത്യയില്‍; ഒരു ദിവസത്തെ താമസത്തിന്
ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങളെ പദ്ധതിയില്‍ പരിഗണിക്കും നിലവില്‍ മൂന്ന് സെന്റില്‍ കൂടുതല്‍ ഭൂമിയുണ്ടെങ്കില്‍ പരിഗണിക്കില്ല. പലര്‍ക്കും ഭൂമിയുണ്ടെങ്കിലും പാറക്കെട്ടുകൾ നിറഞ്ഞതും കുടിവെള്ളം ലഭ്യമല്ലാത്തതുമാണ്. ഇങ്ങനെ വാസയോഗ്യമല്ലാത്ത ഭൂമിയുടെ അവകാശികള്‍ക്കും പദ്ധതിയില്‍ അപേക്ഷിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ഭൂമി വില്‍ക്കുകയോ അവകാശികള്‍ക്ക് കൈമാറ്റം ചെയ്യുകയോ ചെയ്തവരെ ഒഴിവാക്കും. ഗ്രാമപഞ്ചായത്തില്‍ 3,75,000, മുന്‍സിപ്പാലിറ്റിയില്‍ 4,50,000 കോര്‍പ്പറേഷനില്‍ 6,00000 രൂപയും ഭൂമി വാങ്ങാന്‍ ധനസഹായം നല്‍കും. ഇങ്ങനെ ലഭിക്കുന്ന ഭൂമി 15 വര്‍ഷത്തേക്ക് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. 15 വര്‍ഷത്തിന് ശേഷം ഇതു വില്‍ക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഭൂമി വാങ്ങിയ ശേഷം ഗുരുതരമായ അസുഖം, പെണ്‍മക്കളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കായി ബാങ്കുകളില്‍ പണയപ്പെടുത്തി വായ്പയെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.