ബെംഗളൂരു: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുന്നുവെന്ന് സൂചന. വൈ എസ് ആർ തെലങ്കാന പാർട്ടി നേതാവായ വൈ എസ് ശർമിളയും കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തിയതാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിൽ അഭിനന്ദനം അറിയിക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് ശർമിളയുടെ പ്രതികരണം.
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശർമിളയുടെ വൈഎസ്ആർടിപി കോൺഗ്രസുമായി സഖ്യത്തിലെത്തുകയോ ലയിക്കുകയോ ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഡിസംബറിൽ ആണ് തെലങ്കാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് കെസിആർ വിരുദ്ധ ചേരിയിലെ പ്രധാന പാർട്ടികളെ ഒപ്പം നിർത്താൻ ശ്രമിക്കുകയാണ് കോൺഗ്രസ്. ആന്ധ്ര-തെലങ്കാന മേഖലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് പരമാവധി സമാന മനസ്കരായ പാർട്ടികളെ ഒപ്പം ചേർക്കാനാണ് കോൺഗ്രസ് ശ്രമം. ഇത്തരം ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത് ഡികെ ശിവകുമാറും പ്രിയങ്ക ഗാന്ധിയുമാണ്.