ഐപിഎല്ലിൽ ചരിത്രനേട്ടത്തിനരികെ റിസ്‌വി; ഇതുവരെ ആരും സ്വന്തമാക്കാത്ത നേട്ടം

0
11

ഐ.പി.എൽ. ക്രിക്കറ്റ് സീസണിലെ ആദ്യരണ്ട് മത്സരങ്ങളിലും ജയിച്ച് ഡൽഹി ക്യാപിറ്റൽസ് മിന്നുന്ന തുടക്കമാണിട്ടത്. രണ്ട് മത്സരത്തിലും കളിയിലെ താരമായത് യുവബാറ്റർ സമീർ റിസ്‌വിയും. ഇതോടെ, ലീഗിലെ അപൂർവ നേട്ടത്തിൽ ഇടംപിടിച്ച താരം റെക്കോഡിനരികെയുമെത്തി.

ഐ.പി.എൽ. ചരിത്രത്തിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ കളിയിലെ താരമെന്ന ബഹുമതി നേടുന്ന പട്ടികയിലേക്കാണ് റിസ്‌വി ഇടംപിടിച്ചത്. അടുത്ത മത്സരത്തിൽക്കൂടി ഈ നേട്ടം കൈവരിച്ചാൽ അത് റെക്കോഡാകും. കാരണം തുടർച്ചയായി നാല് തവണ കളിയിലെ താരമായ ആരും ഐ.പി.എൽ. ചരിത്രത്തിലില്ല. കഴിഞ്ഞ സീസണിലെ അവസാനമത്സരത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട റിസ്‌വി ഇത്തവണ രണ്ട് കളിയിലും നേട്ടം ആവർത്തിച്ചു.

മൂന്നുതവണ നേട്ടം കൈവരിച്ചവരുടെ പട്ടികയിൽ ഏഴാമത്തെ താരമാണ് റിസ്‌വി. ദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കല്ലിസാണ് ആദ്യമായി മൂന്ന് തവണ തുടർച്ചയായി കളിയിലെ താരമായത്. 2010-ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായിരിക്കെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. വീരേന്ദർ സെവാഗ്, ഓസ്‌ട്രേലിയയുടെ ആരോൺ ഫിഞ്ച്, വിരാട് കോലി, ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലർ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരും ഈ പട്ടികയിലുണ്ട്.

കഴിഞ്ഞ സീസണിലെ അവസാനമത്സരത്തിൽ ഡൽഹിക്കായി കളിച്ച താരം പഞ്ചാബ് കിങ്‌സിനെതിരേ 25 പന്തിൽ പുറത്താകാതെ 58 റൺസടിച്ചാണ് പുരസ്‌കാരം നേടിയത്. ഇത്തവണ ആദ്യകളിയിൽ ലഖ്‌നൗവിനെതിരേ 47 പന്തിൽ 70 റൺസും മുംബൈക്കെതിരേ 51 പന്തിൽ 90 റൺസും നേടി.

2024-ലെ ലേലത്തിൽ 8.40 കോടി മുടക്കി ചെന്നൈ സൂപ്പർകിങ്‌സ് സ്വന്തമാക്കിയ താരമായിരുന്നു റിസ്‌വി. എന്നാൽ, ആ സീസണിന് ശേഷം ടീം താരത്തെ ഒഴിവാക്കി. തുടർന്ന് ഡൽഹി 95 ലക്ഷത്തിനാണ് താരത്തെ നേടിയത്. ഈ സീസണിൽ അവർ നിലനിർത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here