യുഎസ്-ഇസ്രയേൽ ആക്രമണം: ഇറാനിൽ ആകെ മരണസംഖ്യ 550; കണക്ക് പുറത്തുവിട്ട് റെഡ് ക്രസന്റ്

0
16

ടെഹ്റാൻ: പശ്ചിമേഷ്യയില്‍ അശാന്തി വിതച്ച് യുദ്ധം കനക്കുന്നു. ഇറാനിലുണ്ടായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ ആകെ മരണസംഖ്യ 555 കടന്നെന്ന് റിപ്പോർട്ട്. ആക്രമണം 131 ഇറാനിയൻ നഗരങ്ങളെ ബാധിച്ചു. റെഡ് ക്രസന്റാണ് കണക്ക് പുറത്ത് വിട്ടത്. റെഡ് ക്രസന്റിന്റെ മാനുഷിക ദൗത്യത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. രക്ഷാപ്രവർത്തകർ ദുരിതബാധിത പ്രദേശങ്ങളിൽ സജ്ജമാണ്. യുദ്ധമേഖലയിൽ മാനുഷിക സേവനങ്ങൾ നൽകുന്നതിനായി ഏകദേശം നാല് ദശലക്ഷം വളണ്ടിയർമാരുടെ സംഘം പ്രവർത്തിക്കുന്നുണ്ട്.

അതേസമയം, മൂന്നാംദിനവും പ്രത്യാക്രമണം തുടര്‍ന്ന ഇറാന്‍, ഗള്‍ഫ് മേഖലയും സൈപ്രസിലെ യുകെയുടെ സൈനികത്താവളവും ലക്ഷ്യം വെച്ചു. ഇറാനും ഇസ്രായേലും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ ഗള്‍ഫ് മേഖലയിലെ പന്ത്രണ്ട് രാജ്യങ്ങളും ആക്രമണ മുനമ്പിലാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ബഹ്റൈനിലാണ് ഇറാന്‍ കനത്ത നാശം വിതച്ചത്. തലസ്ഥാനമായ മനാമയില്‍ നിരവധി സ്ഫോടനങ്ങളുണ്ടായി. കുവൈത്ത് വ്യോമാതിര്‍ത്തിയില്‍ അമേരിക്കന്‍ പോര്‍വിമാനം തകര്‍ന്നു വീണു. വിമാനം തകര്‍ത്തതാണെന്ന് ഇറാന്‍ അവകാശപ്പെട്ടു. യുദ്ധത്തില്‍ അണിചേര്‍ന്ന ലെബനോണിലെ ഹിസ്ബുള്ള ഇസ്രായേലിൽ റോക്കറ്റാക്രമണം നടത്തി. തിരിച്ചടിയില്‍ ലെബനോണില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം കണക്കിലെടുത്ത് യുഎസ് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അമേരിക്കന്‍ഭരണകൂടം നിര്‍ദേശിച്ചു. ഇതിനിടെ കുവൈത്ത് അതിര്‍ത്തിയില്‍ വെച്ച് അമേരിക്കയുടെ എഫ് 15 യുദ്ധ വിമാനം തകര്‍ന്നു വീണു. പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. അബദ്ധത്തില്‍ പാട്രിയറ്റ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്നുള്ള മിസൈല്‍ ഏറ്റാണ് വിമാനം വീണതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. റഡാറിലെ ആശയക്കുഴപ്പം കാരണം ശത്രുവിമാനമെന്ന് കരുതി മിസൈല്‍ പ്രയോഗിച്ചു എന്നാണ് വിവരം. എന്നാല്‍ വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതാണെന്ന് ഇറാന്‍ അവകാശപ്പെട്ടു.

വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ മിന അല്‍ അഹമദി റിഫൈനറിക്ക് സമീപത്താണ് വീണത്. സൈപ്രസിലെ ബ്രിട്ടണിലെ സൈനിക താവളവും ഇറാന്‍ ആക്രമിച്ചു. രണ്ട് മിസൈലുകളും ഡ്രോണുമാണ് ആക്രമണം നടത്തിയത്. കൃത്യമായി പ്രതിരോധിച്ചതിനാല്‍ ആളപായമില്ല. ഇറാനുവേണ്ടി കാലങ്ങളായി നിഴല്‍ യുദ്ധം നടത്തുന്ന ലെബനോണിലെ ഹിസ്ബുള്ളകള്‍ വടക്കന്‍ ഇസ്രായേലിലേക്ക് വ്യാപക ആക്രമണം നടത്തി. തലസ്ഥാനമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് റോക്കറ്റാക്രമണം ആണ് നടത്തി. ഹാരിസ് , നബാത്തിയ, മെഫ്ദൂണ്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ നിരവധി ലബനീസ് പൗരന്മാര്‍ക്ക് ജീവഹാനിയുണ്ടായി. തെക്കന്‍ മേഖലയില്‍ നിന്ന് വന്‍ തോതില്‍ ആളുകള്‍ പലായനം ആരംഭിച്ചു. 53 ഗ്രാമങ്ങളിലെ ജനങ്ങളുടെ ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ബെയ്റൂത്തില്‍ ഹിസ്ബുളളയുടെ പ്രമുഖരുടെ വധിക്കാന്‍ കഴിഞ്ഞതായി ഇസ്രായേല്‍ അവകാശപ്പെട്ടു. യുഎസുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി ആവര്‍ത്തിച്ചു. ട്രംപിന്‍റെ ഭ്രാന്തമായ പ്രതീക്ഷകള്‍ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുയാണ്. അമേരിക്കയ്ക്ക് പകരം ഇസ്രായേല്‍ ഫസ്റ്റ് എന്ന തരത്തിലേക്ക് ട്രംപ് നിലപാട് മാറ്റിയെന്നും ലാരി ജാനി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here