ജി സുധാകരന് ‘കൈ’ കൊടുത്ത് യുഡിഎഫ്; അമ്പലപ്പുഴയിൽ കോൺ​ഗ്രസിൻ്റെ നിർണായക നീക്കം, സുധാകരനെ പിന്തുണക്കും

0
4

ആലപ്പുഴ: അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങി യുഡിഎഫ്. പാർട്ടിയോട് പിണങ്ങി മുൻമന്ത്രി ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ സുധാകരൻ കോൺ​ഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നുവെങ്കിലും അമ്പലപ്പുഴയിലെ പിന്തുണ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നില്ല. സുധാകരനുള്ള പിന്തുണ കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് നേതാക്കൾക്കിടയിൽ ചർച്ചയായിരുന്നു. നേതാക്കൾ സുധാകരനുമായും ചർച്ച നടത്തി. സുധാകരനും പിന്തുണ സ്വീകരിക്കാൻ തയ്യാറായതോടെയാണ് അമ്പലപ്പുഴയിലെ പിന്തുണ പരസ്യമായത്.

അതേസമയം, അമ്പലപ്പുഴയിൽ സുധാകരനെതിരെ വ്യാപക വിമർശനമാണ് സിപിഎം അഴിച്ചുവിടുന്നത്. പറവൂരിൽ സിപിഎം ബഹുജന റാലി നടത്തിയിരുന്നു. എന്നാൽ ഇതിനെ തള്ളിയായിരുന്നു സുധാകരൻ്റെ പ്രതികരണം. തനിക്കെതിരെ സംഘടിപ്പിച്ച പരിപാടിയിൽ ആളെ കൂട്ടാനായില്ലെന്നാണ് വിമർശനം. പാർട്ടി മെമ്പർമാരെ പോലും മുഴുവനായി പാർട്ടി പ്രതിഷേധ പരിപാടിയിൽ പങ്കെടുപ്പിക്കാനായില്ലെന്നും പൊതുയോഗത്തിൽ നേതാക്കൾ അതിരൂക്ഷമായ അക്രമം അഴിച്ചുവിട്ടെന്നും സുധാകരൻ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക്‌ പോസ്റ്റിലും തനിക്കെതിരായ പ്രതിഷേധ പരിപാടിയെ സുധാകരൻ വിമർശിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പൊതു പരിപാടികളിൽ കൂടുതൽ സജീവമാവുകയാണ് ജി സുധാകരൻ. അമ്പലപ്പുഴയിൽ എംഎസ്എഫിന്റെ കമ്പിളി വളപ്പ് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങിലും സുധാകരൻ എത്തി. വരും ദിവസങ്ങളിൽ കൂടുതൽ പൊതു പരിപാടികളിൽ സുധാകരൻ പങ്കെടുക്കും. സിപിഎം നേതാക്കളുടെ വിമർശനങ്ങളിൽ സുധാകരൻ കൂടുതൽ പ്രതികരണത്തിന് തയ്യാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here