ദുബൈ: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ദുബൈയിൽ നിന്ന് ഇന്ത്യക്കാരെ പ്രത്യേക വിമാനത്തിൽ ഒഴിപ്പിക്കുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) വ്യക്തമാക്കി. നയതന്ത്ര ഉദ്യോഗസ്ഥരെയും വി.ഐ.പി.കളെയും വഹിച്ചുകൊണ്ടുള്ള വിമാനം ശനിയാഴ്ച ദുബൈയിൽ നിന്ന് പുറപ്പെട്ടുവെന്ന പ്രചാരണവും തെറ്റാണെന്ന് മന്ത്രാലയം അറിയിച്ചു.
ഇന്ത്യക്കാർ വിദേശകാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയത്തിന്റെ പ്രത്യേക സഹായത്തോടെ ആളുകൾ വിമാനത്തിൽ കയറിയെന്നുമായിരുന്നു സന്ദേശം. മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫാക്ട്-ചെക്ക് വിഭാഗമാണ് ഇത് വ്യാജമാണെന്ന് വിശദീകരണം നൽകിയത്. യുഎഇയിലെ ഇന്ത്യൻ എംബസി (@IndembAbuDhabi), ദുബൈ കോൺസുലേറ്റ് (@cgidubai), വിദേശകാര്യ മന്ത്രാലയം (@MEAIndia) എന്നിവയുടെ ഔദ്യോഗിക ഹാൻഡിലുകൾ വഴിയുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
എംബസിയും കോൺസുലേറ്റും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അടിയന്തര സാഹചര്യമുണ്ടായാൽ ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പൗരന്മാർക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ടോൾ ഫ്രീ നമ്പർ: 800-46342, വാട്‌സ്ആപ്പ്: +971543090571, ഇമെയിൽ: pbsk.dubai@mea.gov.in / ca.abudhabi@mea.gov.in എന്നിവയിലൂടെ ബന്ധപ്പെടാവുന്നതാണ്.

