കണ്ണൂര്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും പാര്‍ട്ടിയും തീരുമാനമെടുക്കുമെന്ന് കെപിസിസി മുന്‍ പ്രസിഡന്റും എംപിയുമായ കെ. സുധാകരന്‍. കണ്ണൂരില്‍ മല്‍സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കെ സുധാകരന്‍ നടത്തുന്ന നീക്കങ്ങളും സമ്മര്‍ദ്ദ തന്ത്രങ്ങളും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുമ്പോഴാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചോദ്യങ്ങളോട് എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്ന പ്രതികരണം. നേരത്തെ കണ്ണൂരില്‍ മത്സരിക്കുമെന്ന തരത്തില്‍ സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സുധാകരന്‍ തന്റെ നിലപാടില്‍ അയവ് വരുത്തിയതെന്നാണ് സൂചന.
ഇതിനിടയിലാണ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കാപ്പാടന്‍ രമേശന്റെ അനുസ്മരണ ചടങ്ങില്‍ അതി വൈകാരികമായി കെപിസിസി മുന്‍ പ്രസിഡന്റ് കെ. സുധാകരന്‍ സംസാരിച്ചിരിക്കുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളില്‍ തന്നെ സംരക്ഷിക്കുകയും താങ്ങായി നില്‍ക്കുകയും ചെയ്ത വ്യക്തിയായിരുന്നു കാപ്പാടന്‍ രമേശനെന്ന് സുധാകരന്‍ അനുസ്മരിച്ചു. താന്‍ ഇന്ന് ജീവനോടെ ഇരിക്കുന്നത് കാപ്പാടന്റെ കാവല്‍ കൊണ്ടാണെന്നും അത് പലര്‍ക്കും അത്ഭുതമായി തോന്നാമെങ്കിലും സത്യമാണെന്നും കെ സുധാകരന്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു. അന്തരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാപ്പാടന്‍ രമേശിന്റെ കുടുംബത്തിനായി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ സംസാരിക്കവെയാണ് സുധാകരന്‍ വികാരാധീനനായത്.
സാധാരണയായി സിപിഎമ്മിനെതിരെയുള്ള പ്രസംഗങ്ങളില്‍ ആവേശത്തോടെ സംസാരിക്കാറുള്ള സുധാകരന്‍ ഇത്തവണ തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ വാക്കുകള്‍ കിട്ടാതെ വികാരാധീനനായെന്നതും ശ്രദ്ധനേടി. കണ്ണൂരിലെ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ കാപ്പാടന്‍ രമേശനെപ്പോലെയുള്ള നിരവധി പ്രവര്‍ത്തകരുടെ നിസ്തുലമായ സേവനമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് പ്രതിസന്ധിയിലും തലകുനിക്കാതെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിച്ച നേതാവായിരുന്നു രമേശനെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
സി.പി.എം ആക്രമണങ്ങളില്‍ നിന്ന് പലപ്പോഴും എന്നെ രക്ഷിച്ചത് അദ്ദേഹമായിരുന്നു. വാക്കുകള്‍ കൊണ്ടും വിവരങ്ങള്‍ കൊണ്ടും എന്നെ സഹായിച്ച വ്യക്തിയാണദ്ദേഹം. ജീവിതത്തിലെ പല പ്രതിസന്ധികളും കടന്നുപോകാന്‍ രമേശന്‍ നല്‍കിയ പിന്തുണ വലുതാണ്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ വൈകാരിക പ്രസംഗത്തിന് ഏറെ പ്രാധാന്യമുണ്ട്. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള തന്റെ താല്പര്യം സുധാകരന്‍ അടുത്തിടെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്താനിരിക്കെയാണ്, പഴയകാല പോരാട്ടങ്ങളെയും സഹപ്രവര്‍ത്തകരെയും ഓര്‍ത്തെടുത്ത് സുധാകരന്‍ വൈകാരികമായി സംസാരിച്ചത്.

