Home Latest news ദേശീയ പതാകയെ അപമാനിച്ചെന്ന് പരാതി; ഹാർദിക് പാണ്ഡ്യക്കെതിരെ നിയമനടപടി

ദേശീയ പതാകയെ അപമാനിച്ചെന്ന് പരാതി; ഹാർദിക് പാണ്ഡ്യക്കെതിരെ നിയമനടപടി

0
23

അഹമ്മദാബാദിലെ ടി20 ലോകകപ്പ് വിജയാഘോഷത്തിനിടെ ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കെതിരെ പൂനെ പൊലീസിൽ പരാതി. സ്റ്റേഡിയത്തിലെ ആഘോഷങ്ങൾക്കിടയിൽ പതാക ശരീരത്തിൽ ചുറ്റുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്തുവെന്ന് കാണിച്ച് അഭിഭാഷകനായ വാജിദ് ഖാനാണ് ശിവാജി നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ദേശീയ പതാകയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പാണ്ഡ്യയുടെ പ്രവൃത്തി നിയമലംഘനമാണെന്നും ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

വിവാദങ്ങൾ ഒരുവശത്ത് പുകയുമ്പോഴും, തുടർച്ചയായ രണ്ടാം ടി20 ലോകകപ്പ് കിരീടനേട്ടത്തിന്റെ ആവേശത്തിലാണ് ഹാർദിക് പാണ്ഡ്യ. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച പാണ്ഡ്യ, ഒൻപത് വിക്കറ്റുകൾ വീഴ്ത്തിയതിനൊപ്പം നമീബിയക്കെതിരായ മത്സരത്തിൽ വെടിക്കെട്ട് അർധസെഞ്ച്വറിയും (28 പന്തിൽ 52 റൺസ്) നേടിയിരുന്നു. 2024-ൽ ബാർബഡോസിൽ വെച്ച് നേടിയ വിജയത്തിന് ശേഷം താൻ പങ്കെടുക്കുന്ന എല്ലാ ടൂർണമെന്റുകളിലും കിരീടത്തിനായി പോരാടുമെന്ന് സ്വയം വാഗ്ദാനം ചെയ്തിരുന്നുവെന്നും അഹമ്മദാബാദിലെ ഈ വിജയം ആ വാഗ്ദാനത്തിന്റെ സാക്ഷാത്കാരമാണെന്നും താരം പ്രതികരിച്ചു.

വ്യക്തിപരമായ ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് പാണ്ഡ്യ ഈ ചരിത്ര വിജയത്തിന്റെ ഭാഗമായത്. ഐസിസിയുടെ 2026 ലോകകപ്പ് ടീമിലും ഇടംനേടിയ താരം, 17 വർഷത്തിന് ശേഷം ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കാൻ കഴിഞ്ഞതിൽ അഭിമാനം പ്രകടിപ്പിച്ചു. അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചതോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമായും മൂന്ന് തവണ ചാമ്പ്യന്മാരാകുന്ന ആദ്യ രാജ്യമായും ഇന്ത്യ റെക്കോർഡ് കുറിച്ചു. രാജ്യത്തിനായി കൂടുതൽ ട്രോഫികൾ നേടുകയാണ് തന്റെ ലക്ഷ്യമെന്നും പാണ്ഡ്യ കൂട്ടിചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here