ആലപ്പുഴ: കോൺഗ്രസ് വിട്ട മുൻ കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ജോബ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്.
കെപിസിസിയിലുൾപ്പെടെ പാർട്ടിയുടെ ഒരു തലത്തിലും ചർച്ച ചെയ്യാതെയാണ് സുധാകരനെ പിന്തുണയ്ക്കാൻ ഡൽഹിയിൽ നിന്നുള്ള തീരുമാനമെടുത്തതെന്നായിരുന്നു ജോബിന്റെ ആരോപണം.
കോൺഗ്രസ് ബന്ധം എം ജെ ജോബ് ഉപേക്ഷിച്ചതിന് പിന്നാലെ ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ അദ്ധ്യക്ഷൻ പി കെ ബിനോയ് ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജോബ് ബിജെപിയിലേയ്ക്കെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇന്ന് മാരാർജി ഭവനിൽ നടന്ന ചടങ്ങിലാണ് എം ജെ ജോബ് ബിജെപി അംഗത്വം സ്വീകരിച്ചത്.

