ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ 27 യുഎസ് സൈനിക കേന്ദ്രങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണം
നടത്തിയെന്ന് ഇറാൻ റവല്യൂഷണറി ഗാർഡിന്റെ അവകാശവാദം. ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി ആറാമത്തെ ആക്രമണ പരമ്പരയാണ് തങ്ങൾ നടത്തുന്നതെന്ന് ഐആർജിസി പറഞ്ഞതായി ഇറാൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിലെ ടെൽ നോഫ് എയർ ബേസ്, ഹാകിരിയയിലെ ഇസ്രയേൽ ആർമിയുടെ കമാൻഡന്റ് ആസ്ഥാന കേന്ദ്രം, അതേ നഗരത്തിലെ തന്നെ പ്രതിരോധ വ്യവസായ സമുച്ചയം എന്നിവയെയും അക്രമിച്ചതായി ഐആർജിസി അറിയിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഇറാൻ കടുത്ത പ്രഹരവും തിരിച്ചടിയും നൽകുമെന്ന് ഐആർജിസി ആവർത്തിച്ചു.
യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെയും അമേരിക്കയും വെറുതെ വിടില്ലെന്നും പ്രതികാരം ചെയ്യുമെന്നും ഇറാൻ റവല്യൂഷണറി ഗാർഡ് വ്യക്തമാക്കിയിരുന്നു. മനുഷ്യരാശി കണ്ട ഏറ്റവും ക്രൂരന്മാരായ ഭീകരരുടെയും കൊലയാളികളുടെയും കൈകളാലാണ് മഹാനായ നേതാവ് ഖമനയി രക്തസാക്ഷിത്വം വരിച്ചത്. അത് ആ നേതാവിന്റെ ആത്മാർത്ഥമായ സേവനങ്ങളുടെ തെളിവുകൂടിയാണ്. ഇറാൻ പ്രതികാരം ചെയ്യും, അവരെ വെറുതെ വിടില്ലെന്നും ഐആർജിസി വ്യക്തമാക്കിയിരുന്നു.

