Home Latest news നെതന്യാഹുവിന്റെ ഓഫീസിൽ ഇറാന്റെ മിസൈൽ മഴ; നടുക്കം മാറാതെ ഇസ്രയേൽ

നെതന്യാഹുവിന്റെ ഓഫീസിൽ ഇറാന്റെ മിസൈൽ മഴ; നടുക്കം മാറാതെ ഇസ്രയേൽ

0
22

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് സ്ഥിരീകരിച്ചു. ടെൽ അവീവിലെ നെതന്യാഹുവിന്റെ ഓഫീസിന് പുറമെ ഹൈഫയിലെ സൈനിക കേന്ദ്രങ്ങളും വ്യോമസേനാ കമാൻഡറുടെ ആസ്ഥാനവുമാണ് ഇറാൻ ലക്ഷ്യമിട്ടത്. ആക്രമണത്തിനായി അത്യാധുനിക ‘ഖൈബാർ’ മിസൈലുകളാണ് ഉപയോഗിച്ചതെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈലുകൾ തിരിച്ചറിഞ്ഞതായും പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.

യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഗൾഫ് മേഖല മുഴുവൻ സ്ഫോടനങ്ങളാൽ വിറയ്ക്കുകയാണ്. കുവൈറ്റിലെ അമേരിക്കൻ എംബസിക്ക് നേരെ നടന്ന ആക്രമണത്തിൽ വലിയ ആശങ്കയുണ്ടാക്കി. എംബസി ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുബായ്, അബുദാബി, ദോഹ, മനാമ തുടങ്ങിയ പ്രധാന നഗരങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. 1990-ലെ കുവൈത്ത് അധിനിവേശത്തിന് ശേഷം ഈ മേഖല സാക്ഷ്യം വഹിക്കുന്ന ഏറ്റവും ഭീകരമായ സൈനിക നീക്കമാണിത്. ഇറാൻ നടത്തിയ തിരിച്ചടിയിൽ ഗൾഫ് രാജ്യങ്ങളിലായി ഇതുവരെ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.

അതിനിടെ, സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളത്തിനും സൗദി എണ്ണ കേന്ദ്രങ്ങൾക്കും നേരെ നടന്ന ആക്രമണങ്ങളെ യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ശക്തമായി അപലപിച്ചു. സംഘർഷം ആഗോളതലത്തിലേക്ക് പടരുന്നത് തടയാൻ നയതന്ത്ര നീക്കങ്ങൾ അത്യന്താപേക്ഷിതമാണെന്ന് അവർ മുന്നറിയിപ്പ് നൽകി. നിലവിലെ കണക്കുകൾ പ്രകാരം അമേരിക്ക-ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാനിൽ മാത്രം 555 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഗൾഫ് സമുദ്രമേഖലയിലെ സംഘർഷം കപ്പൽ ഗതാഗതത്തെയും എണ്ണ വിപണിയെയും പൂർണ്ണമായും തകിടം മറിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here