വൻ പ്രഹരവുമായി ഇറാൻ, ഹോർമുസ് കടലിടുക്ക് അടച്ചു! ഇന്ത്യക്കും വൻ തിരിച്ചടി, എണ്ണവില കുതിക്കും

0
5

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. പെട്രോൾ, ഡീസൽ, പാചകവാതക വില എന്നിവയിൽ വൻ വിലക്കയറ്റം വരുന്ന രീതിയിൽ സാമ്പത്തിക രംഗത്ത് വൻ പ്രഹരമാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ബാധിക്കും. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളവും ഹോർമുസ് കടലിടുക്ക് വഴിയാണ് രാജ്യത്തെത്തുന്നത്. പ്രതിദിനം ഏകദേശം 25 ലക്ഷം ബാരൽ എണ്ണയാണ് ഈ പാതയിലൂടെ ഇന്ത്യയിലേക്ക് വരുന്നത്. ഇറാൻ ഈ പാത തടസ്സപ്പെടുത്തിയാൽ ക്രൂഡ് ഓയിൽ വിതരണത്തിൽ താൽക്കാലിക തടസ്സങ്ങൾ ഉണ്ടായേക്കാം.

ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നായി പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഹോര്‍മുസ് വഴി ഇന്ത്യയിലേക്ക് എത്തുന്നത്. ഈ വഴിയിലെ തടസം ഇന്ത്യക്കും ആഗോള എണ്ണ വിപണിക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയുടെ മൊത്തം പ്രതിമാസ എണ്ണ ഇറക്കുമതിയുടെ 40 ശതമാനമാണ് ഹോര്‍മുസ് വഴി വന്നിരുന്നതെങ്കില്‍, ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലത് 50 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്ന് കേപ്ലറിന്റെ ഡാറ്റ വ്യക്തമാക്കുന്നു. റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത് കുറച്ച് പരമ്പരാഗത മിഡില്‍ ഈസ്റ്റ് വിതരണക്കാരിലേക്ക് ഇന്ത്യ തിരിഞ്ഞതാണ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷം ഈ വഴി പ്രതിദിനം 2 ദശലക്ഷം ബാരല്‍ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോഴത് 2.6 ദശലക്ഷമായി കുതിച്ചിരിക്കുകയാണ്.

ഹോർമുസ് കടലിടുക്ക് അടച്ചാൽ ഇനിയെന്ത്?

ഇന്ത്യയ്ക്ക് നിലവിൽ 6.5 ദശലക്ഷം ടൺ എണ്ണയുടെ മികച്ച കരുതൽ ശേഖരമുണ്ട്. ഇത് അടിയന്തര ഘട്ടങ്ങളിൽ തുണയാകും.ചെങ്കടലിലെ ‘ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈൻ’ വഴി സൗദി അറേബ്യക്ക് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനാകും. ഗൾഫ് മേഖലയിലെ പ്രതിസന്ധി മറികടക്കാൻ റഷ്യയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങുന്ന കാര്യം ഇന്ത്യ പരിഗണിച്ചേക്കും.പെട്രോൾ, ഡീസൽ വില ഉടൻ വർധിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. യുദ്ധം ദീർഘനാൾ നീണ്ടുനിന്നാൽ മാത്രമേ എണ്ണ വിലയെ അത് കാര്യമായി ബാധിക്കുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ കരുതൽ ശേഖരം മികച്ചതായതുകൊണ്ട് പെട്രോൾ, ഡീസൽ വിലയിൽ ഉടൻ മാറ്റമുണ്ടാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here