കൊച്ചി: അനധികൃതമായി പുഴ മണൽ വാരി കടത്തിയ കേസിലെ പ്രതികൾക്കെതിരെ നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും സംബന്ധിച്ച നിയമത്തിലെ വകുപ്പുകൾക്ക് പുറമെ ബി.എൻ.എസ് പ്രകാരമുള്ള വകുപ്പുകളും ചുമത്താമെന്ന് ഹൈകോടതി. രണ്ട് നിയമപ്രകാരവും കേസെടുക്കാനാകില്ലെന്ന് വിലയിരുത്തി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് തിരുത്തിയാണ് ജസ്റ്റിസ് കൗസർ എടപ്പകത്തിന്‍റെ ഉത്തരവ്.
നദീതീര സംരക്ഷണ നിയമ പ്രകാരവും ബി.എൻ.എസ് പ്രകാരവുമുള്ള കേസുകൾ വ്യത്യസ്തമാണെന്ന് കോടതി വിലയിരുത്തി.
നദീതീര സംരക്ഷണ നിയമപ്രകാരം മണൽ വാരൽ പിഴ ഈടാക്കി തീർപ്പാക്കാവുന്ന ജാമ്യം കിട്ടുന്ന കേസാണെങ്കിലും മണൽ കടത്തലിന് ബി.എൻ.എസ് പ്രകാരം പൊതുമുതൽ മോഷണമടക്കം ജാമ്യം കിട്ടാത്ത വകുപ്പ് പ്രകാരവും കേസെടുക്കാനാകും.
മറ്റ് വകുപ്പുകൾ പ്രകാരം കേസെടുക്കാൻ തടസ്സമില്ലെന്ന് നദീതീര സംരക്ഷണ നിയമത്തിലുള്ളതും സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് മുൻ ഉത്തരവ് തിരുത്തി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്. മൂന്ന് കേസുകളിൽ മുൻകൂർ ജാമ്യം അനുവദിച്ച കോടതി രണ്ട് കേസുകളിൽ ഹരജി തള്ളി.

