കാസർകോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ. ജയാനന്ദയെ നിശ്ചയിച്ചതിനെതിരെ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ ഡിവൈഎഫ്ഐയിലെ വിവിധ മേഖല കമ്മിറ്റികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഉപ്പള, ബന്തിയോട് മേഖല കമ്മിറ്റികളിലെ നിരവധി പ്രവർത്തകർ കാസർകോട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി സ്ഥാനാർത്ഥിത്വത്തിനെതിരെ ഔദ്യോഗികമായി പരാതി നൽകി.
ജയാനന്ദയെ സ്ഥാനാർത്ഥിയാക്കുന്നത് യു.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണെന്ന് ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നും പ്രവർത്തകർ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലും ഷാനവാസ് പാദൂരിനായി വലിയ രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് കെ.ആർ. ജയാനന്ദയുടെ പേര് തീരുമാനിച്ചത്. നേരത്തെ പരിഗണിച്ചിരുന്ന ഷാനവാസ് പാദൂർ മത്സരിച്ചാൽ അത് ബി.ജെ.പിക്ക് അനുകൂലമായ വർഗീയ ധ്രുവീകരണത്തിന് വഴിവെച്ചേക്കാം എന്ന വിലയിരുത്തലിനെത്തുടർന്നാണ് പാർട്ടി ജയാനന്ദയിലേക്ക് എത്തിയത്. എന്നാൽ ഈ വാദത്തെ തള്ളിക്കളയുന്ന നിലപാടിലാണ് ഡി.വൈ.എഫ്.ഐ.

