യുദ്ധത്തീയില്‍ ഉരുകി സ്വര്‍ണം; കുറഞ്ഞത് ഇരുപതിനായിരത്തോളം, വില ഇനി എങ്ങോട്ട്?

0
6

യുദ്ധകാലങ്ങളില്‍ നിക്ഷേപകരുടെ പ്രിയപ്പെട്ട ചോയ്‌സാണ് സ്വര്‍ണം. അതിനാല്‍ അത്തരം അനിശ്ചിത സാഹചര്യങ്ങളില്‍ ഓഹരി വിപണികള്‍ തകരുമ്പോള്‍ സ്വര്‍ണവില നിലവിട്ട് കുതിക്കുന്നതാണ് പതിവ്. എന്നാല്‍, പശ്ചിമേഷ്യയില്‍ ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെ പൊട്ടിപ്പുറപ്പെട്ട യുദ്ധം ഈയൊരു സമവാക്യത്തെയും തകര്‍ത്തു. അതിന് കാരണമായതോ, അസംസ്‌കൃത എണ്ണ എന്ന ഘടകവും. യുദ്ധം എണ്ണ വിതരണത്തെ പ്രതിസന്ധിയിലാക്കിയപ്പോള്‍ വില വന്‍ കുതിപ്പ് നടത്തി. ഇതോടെ, ആഗോള വിപണികള്‍ക്കൊപ്പം സ്വര്‍ണവിലയും കനത്ത ഇടിവ് നേരിട്ടു. സുരക്ഷിത നിക്ഷേപമെന്ന് കരുതി സ്വര്‍ണത്തിലേക്കും വെള്ളിയിലേക്കും മാറിയവര്‍ക്ക് കനത്ത തിരിച്ചടിയാണ് യുദ്ധകാലത്തുണ്ടായത്.

മൂന്നാഴ്ച, പവന് കുറഞ്ഞത് 20,000 രൂപയോളം

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ആദ്യ നാളുകളില്‍ വില ഉയര്‍ന്നെങ്കിലും പിന്നീട് എണ്ണ വില കൂടാന്‍ തുടങ്ങിയതോടെ സ്വര്‍ണത്തിന് വന്‍തോതില്‍ വിലയിടിഞ്ഞു. മാര്‍ച്ച് ഒന്നിന് കേരളത്തില്‍ 1,26,920 രൂപയായിരുന്നു പവന്‍ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയും കൂടിയാണ് ഇത്. പിന്നീട് നാള്‍ക്കുനാള്‍ വിലയിടിയുകയായിരുന്നു. 1,07,040 രൂപയാണ് ഇന്നത്തെ പവന്‍ വില. 21 ദിവസം കൊണ്ട് 19,880 രൂപയാണ് കുറഞ്ഞത്. 15.7 ശതമാനമാണ് മൂന്നാഴ്ചക്കിടെ ഇടിഞ്ഞത്.

ജനുവരി 29ലെ സ്വര്‍ണവിലയായ 1,31,160 രൂപയാണ് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നിരക്ക്. ഇതില്‍ നിന്നും 24,120 രൂപ കുറവിലാണ് നിലവിലെ വില. 18.4 ശതമാനമാണ് ഇതില്‍ നിന്നും വിലയിടിഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4494 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. കനത്ത ഇടിവ് നേരിട്ട വെള്ളി 68 ഡോളര്‍ എന്ന നിരക്കിലാണ്.

സ്വര്‍ണം വാങ്ങാനുള്ളവര്‍ക്ക് അവസരം

വിവാഹസീസണ്‍ അടുത്തിരിക്കെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് വിലക്കുറവ് അനുഗ്രഹമായിരിക്കുകയാണ്. മാര്‍ച്ചിന് മുമ്പ് ഏതാനും മാസങ്ങള്‍ വന്‍ കുതിപ്പാണ് നടത്തിയതെങ്കിലും ഈ മാസമുണ്ടായ ഇടിവ് ആശ്വാസം നല്‍കും. അതേസമയം, സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ ജാഗ്രതയോടെ ചെയ്യണമെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യുദ്ധത്തിന് മുമ്പ് സ്വര്‍ണം, വെള്ളി ഇടിഎഫുകളില്‍ വന്‍ കുതിപ്പുണ്ടായിരുന്നു. വലിയ റിട്ടേണ്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിച്ചിരുന്നു. ഇതുകണ്ട് വന്‍തോതില്‍ ഇടിഎഫുകളില്‍ നിക്ഷേപിച്ചവര്‍ വിലയിടിഞ്ഞതോടെ അകപ്പെട്ടിരിക്കുകയാണ്. വിപണി സ്ഥിരത കൈവരിക്കും വരെ സ്വര്‍ണത്തിലോ വെള്ളിയിലോ പുതിയ നിക്ഷേപങ്ങള്‍ നടത്താതിരിക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

യുദ്ധം മാത്രമല്ല സ്വര്‍ണവില കുറച്ചത്

പശ്ചിമേഷ്യയിലെ യുദ്ധമാണ് സ്വര്‍ണ വിലയെ ഇടിച്ചതിന്റെ പ്രധാന കാരണമെങ്കിലും ഡോളറിന്റെ ശക്തിപ്രാപിക്കലും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടര്‍ന്നതുമെല്ലാം സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. മൂന്ന് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഡോളര്‍ നിലവില്‍ സ്ഥിതിചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here