മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ, തൃക്കരിപ്പൂരില്‍ മുസ്തഫ, ഉദുമയില്‍ കുഞ്ഞമ്പു; കാസര്‍കോട് സിപിഎം സ്ഥാനാര്‍ത്ഥികളായി

0
23

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കെ ആര്‍ ജയാനന്ദ സിപിഎം സ്ഥാനാര്‍ത്ഥിയാകും. ഉദുമയില്‍ സിഎച്ച് കുഞ്ഞമ്പുവിന് രണ്ടാമത് അവസരം നല്‍കാനും തീരുമാനം. കാസര്‍കോട് ജില്ലാ കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനം കൈക്കൊണ്ടത്. തൃക്കരിപ്പൂരില്‍ വിപിപി മുസ്തഫയാകും സ്ഥാനാര്‍ത്ഥിയാകുക.

കാസര്‍കോട് മൂന്നു മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. ബിജെപിയുടെ കെ സുരേന്ദ്രന്‍ മത്സരിക്കാനെത്തിയതോടെ ജില്ലയില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമായി മഞ്ചേശ്വരം മാറിയിരുന്നു. ഇത്തവണ മഞ്ചേശ്വരത്ത് ഷാനവാസ് പാടൂരിന്റെ പേര് നേരത്തെ പരിഗണിച്ചിരുന്നു. എന്നാല്‍ പ്രദേശത്തെ പ്രധാനനേതാവായ കെ ആര്‍ ജയാനന്ദയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു.

ഷാനവാസിനെ മത്സരിപ്പിച്ചാല്‍ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ കൂടി കണക്കിലെടുത്താണ് ജയാനന്ദയെ തീരുമാനിച്ചത്. ഉദുമയില്‍ സിഎച്ച് കുഞ്ചമ്പുവിന് രണ്ടാം ടേം നല്‍കും. തൃക്കരിപ്പൂരിലെ എംഎല്‍എയായ എം രാജഗോപാലാണ് സിപിഎം ജില്ലാ സെക്രട്ടറി. അതിനാലാണ് പകരം വിപിപി മുസ്തഫയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ജില്ലാ നേതൃത്വത്തിന്റെ ശുപാര്‍ശയ്ക്ക് സംസ്ഥാന നേതൃത്വം അന്തിമ അംഗീകാരം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here