ദുബായ്: ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. ഒരുമണിക്കൂറിനിടെ ദുബായിൽ മൂന്ന് വലിയ സ്‌ഫോടനങ്ങളുണ്ടായി. ഖത്തർ തലസ്ഥാനമായ ദോഹയിൽ 11 സ്‌ഫോടനങ്ങൾ നടന്നുവെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു. ഖത്തറിലേയ്ക്ക് 65 മിസൈലുകളും 12 ഡ്രോണുകളും ഇറാൻ വർഷിച്ചു. ഖത്തറിൽ വിവിധ ആക്രമണങ്ങളിൽ 8 പേർക്ക് പരിക്കറ്റിട്ടുണ്ട്. കുവൈറ്റിലും സൈറൺ മുഴങ്ങി.
ഇസ്രയേൽ- യുഎസ് ആക്രമണത്തിനെതിരായ തിരിച്ചടിയുടെ അടുത്ത ഘട്ടം ആരംഭിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) അറിയിച്ചു. മേഖലയിലെ ഇസ്രയേൽ- യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് വിപുലമായ മിസൈൽ- ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചു. 27 അമേരിക്കൻ താവളങ്ങൾ, ഇസ്രയേൽ ടെൽനോഫ് വ്യോമതാവളം, ടെൽ അവിവിലെ ഇസ്രയേൽ സൈന്യത്തിന്റെ കമാൻഡ് ആസ്ഥാനമായ ഹാകിരിയ, ഇവിടെതന്നെയുള്ള വലിയ പ്രതിരോധവ്യാവസായിക സമുച്ചയം എന്നിവ ആക്രമിച്ചതായി ഐആർജിസി അവകാശപ്പെട്ടു.
കഠിനമായ തിരിച്ചടി നൽകുമെന്നും അവ കനത്തപ്രഹരമേൽപ്പിക്കുമെന്നും ഇറാൻ ഐആർജിസി പറഞ്ഞു. അതേസമയം, ഇറാൻ ആക്രമണത്തിൽ എട്ടുപേർക്കുകൂടി പരിക്കേറ്റതായി ഖത്തർ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ഖത്തറിൽ ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 16 ആയി.

