എ.കെ.എം അഷ്‌റഫിന് എസ്ഡിപിഐ സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്ന് അപരന്മാര്‍; സുരേന്ദ്രന് ഒരു അപരന്‍

0
17

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ സ്ഥാനാര്‍ഥികള്‍ക്ക് തലവേദനയായി അപരഭീഷണി. സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലും സ്ഥാനാര്‍ഥിമാരുടെ പേരിനെ ചുറ്റിപ്പറ്റിയുള്ള വിവാദം കൊടുമ്പിരി കൊള്ളുകയാണ്. മണ്ഡലത്തില്‍ എസ്ഡിപിഐ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയുടെ പേരിലാണ് വിവാദം. യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം അഷ്‌റഫിന്റെ പേരിന് സാമ്യമുള്ള അഷ്‌റഫ് കെ.എമ്മിനെയാണ് എസ്ഡിപിഐ കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായ കെ.സുരേന്ദ്രന് ഒരു അപരനുമാണുള്ളത്. മറ്റൊരു ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ബേപ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിനും എല്‍ഡിഎഫ് മത്സരാര്‍ഥി പി.എ മുഹമ്മദ് റിയാസിനും തലവേദന സൃഷ്ടിച്ചുകൊണ്ട് അപരന്മാര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

എസ്ഡിപിഐ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അഷ്‌റഫ് കെ.എം സംഘടനാ, സാമൂഹ്യ മേഖലകളില്‍ അഷ്‌റഫ് ബഡാജെ എന്നാണ് അറിയപ്പെടുന്നത്. ഈ പേര് ഒഴിവാക്കി അഷ്‌റഫ് കെ.എം എന്ന പേരിലാണ് ഇപ്പോള്‍ പ്രചാരണം. രേഖകളിലുള്ള യഥാര്‍ത്ഥ പേര് തന്നെയാണ് താന്‍ ഉപയോഗിക്കുന്നതെന്നാണ് അഷ്‌റഫിന്റെ വാദം.

എസ്ഡിപിഐയുടെ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അംഗമാണ് അഷ്‌റഫ് ബഡാജെ. ഈ പേര് ഒഴിവാക്കി അഷ്‌റഫ് കെ.എം എന്ന പേരില്‍ മത്സരത്തിനിറങ്ങുന്നതില്‍ ദുരൂഹതയുണ്ടെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. അതേസമയം, ബിജെപി വിരുദ്ധ വോട്ടുകള്‍ യുഡിഎഫിനും എല്‍ഡിഎഫിനും എസ്ഡിപിഐക്കുമായി ഭിന്നിക്കുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബിജെപിയുടെ കണക്കുക്കൂട്ടല്‍. ഭൂരിപക്ഷ വോട്ടുകളുടെ പൂര്‍ണമായ ഏകീകരണത്തിനാണ് ഇത്തവണ ബിജെപി ശ്രമിക്കുന്നത്. ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിക്കുകയും മറ്റ് വോട്ടുകള്‍ ഏകീകരിക്കാനുമായാല്‍ അട്ടിമറി സാധ്യമാണെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

അതേസമയം, സംസ്ഥാനത്തെ ശ്രദ്ധേയമായ മറ്റൊരു പോരാട്ടം നടക്കുന്ന ബേപ്പൂരിലും യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ അപരന്മാരുടെ കടന്നുവരവ് വലയ്ക്കുന്നുണ്ട്. യുഡിഎഫിന്റെ തൃണമൂല്‍ സ്ഥാനാര്‍ഥി പി.വി അന്‍വറിന് നാല് അപരന്മാരും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.എ മുഹമ്മദ് റിയാസിന് രണ്ട് അപരന്മാരുമാണുള്ളത്.

ഇന്ന് വൈകിട്ട് മൂന്നിനാണ് പത്രിക സമര്‍പ്പണം പൂര്‍ത്തിയായത്. പ്രമുഖരായ സ്ഥാനാര്‍ഥികളില്‍ പലര്‍ക്കും തലവേദന സൃഷ്ടിച്ചുകൊണ്ട് അപരന്മാര്‍ കളത്തിലിറങ്ങിയേക്കും. പേരാവൂര്‍ മണ്ഡലത്തില്‍ കെ.കെ ശൈലജയുടെയും സണ്ണി ജോസഫിന്റെയും പേരില്‍ അപരന്മാരുണ്ട്. സണ്ണി ജോസഫിന് രണ്ടും ശൈലജയ്ക്ക് ഒരു അപരനുമാണുള്ളത്. ധര്‍മടത്ത് എം.വിജയന്‍ എന്ന പേരിലും സ്വതന്ത്രന്‍ മത്സരിക്കും.

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് രണ്ട് അപരന്മാര്‍, ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രന്‍ പി.കെ ശശി, കൊയിലാണ്ടിയില്‍ പ്രവീണ്‍കുമാര്‍, പാറയ്ക്കല്‍ അബ്ദുല്ല, ഫാത്തിമ തഹ്ലിയ, നജീബ് കാന്തപുരം, പി.കെ നവാസ് എന്നിങ്ങനെ നിരവധി പ്രമുഖരെയും അപരശല്യം വലയ്ക്കുന്നുണ്ട്. കൂടാതെ, പേരാമ്പ്രയിൽ ടി.പി രാമകൃഷ്ണന്‍റെ പേരിലും പൊന്നാനിയിൽ എം.കെ സക്കീറിന്‍റെ പേരിലും അപരന്മാർ പത്രിക സമർപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here