വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം അതിവേഗം വഷളാകുന്ന പശ്ചാത്തലത്തിൽ, ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ അമേരിക്ക അടിയന്തര നിർദ്ദേശം നൽകി. യുഎസ് എംബസി പുറപ്പെടുവിച്ച ഈ പ്രത്യേക അറിയിപ്പിൽ, അമേരിക്കൻ പൗരന്മാരോട് യുഎസ് ഗവൺമെൻ്റിൻ്റെ സഹായമില്ലാതെ രാജ്യം വിടാനുള്ള പദ്ധതി തയ്യാറാക്കാൻ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലുടനീളം നിലനിൽക്കുന്ന അശാന്തിയും യാത്രാ തടടസ്സങ്ങളും കണക്കിലെടുത്താണ് ഈ അതീവ ജാഗ്രതാ നിർദ്ദേശം.
വിമാന സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ പൗരന്മാർ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് യുഎസ് ഉപദേശിക്കുന്നു. ഇന്റർനെറ്റ് സേവനങ്ങൾ തുടർച്ചയായി തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ ബദൽ വാർത്താവിനിമയ മാർഗങ്ങൾ കണ്ടെത്തണമെന്നും സുരക്ഷിതമാണെങ്കിൽ കരമാർഗ്ഗം അർമേനിയയിലേക്കോ തുർക്കിയിലേക്കോ മാറുന്നത് പരിഗണിക്കണമെന്നും നിർദ്ദേശമുണ്ട്. നിലവിൽ പുറത്തുപോകാൻ കഴിയാത്തവർ ഭക്ഷണവും വെള്ളവും മരുന്നുകളും ഉൾപ്പെടെയുള്ള അത്യാവശ്യ വസ്തുക്കൾ ശേഖരിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ കഴിയാനും പ്രകടനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും എംബസി അറിയിച്ചു.
അമേരിക്കൻ പാസ്പോർട്ട് കാണിക്കുന്നതോ അമേരിക്കയുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതോ ഇറാനിൽ ചോദ്യം ചെയ്യലിനും അറസ്റ്റിനും കാരണമായേക്കാമെന്നതിനാൽ വലിയ സുരക്ഷാ ഭീഷണിയുണ്ടെന്ന് എംബസി മുന്നറിയിപ്പ് നൽകുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ആക്രമണ ഭീഷണി മുഴക്കിയതിനെത്തുടർന്നാണ് മേഖലയിൽ സംഘർഷം പുതിയ തലത്തിലെത്തിയത്. 2025 ഡിസംബർ അവസാനം മുതൽ ഇറാനിൽ നടന്ന പ്രതിഷേധത്തെ ഭരണകൂടം അടിച്ചമർത്തിയതിനെ തുടർന്നാണ് ട്രംപ് ഇറാനെതിരെ ഭീഷണി മുഴക്കിയത്. ഇതിന്റെ ഭാഗമായി വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള വമ്പൻ കപ്പൽ പടയെ ജനുവരി അവസാനം മുതൽ അമേരിക്ക ഗൾഫ് മേഖലയിൽ വിന്യസിച്ചിരിക്കുകയാണ്.

