‘കേരള സ്റ്റോറി 2′ എന്ന ചിത്രത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി സിപിഎം എംപി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. എൻഡിടിവി സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത അദ്ദേഹം, ഈ ചിത്രം വെറുമൊരു പ്രൊപ്പഗാണ്ട സിനിമയല്ലെന്നും മറിച്ച് ‘സെപ്റ്റിക് ടാങ്ക് മൂവി’ ആണെന്നും വിശേഷിപ്പിച്ചു. സമൂഹത്തിൽ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്ന ഇത്തരം ചിത്രങ്ങൾ പ്രൊപ്പഗാണ്ട സിനിമകൾ പാലിക്കേണ്ട കുറഞ്ഞ മര്യാദകൾ പോലും കാണിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ സാമൂഹിക സഹവർത്തിത്വത്തെ തകർക്കാനും ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെക്കാനുമാണ് ഇത്തരം സിനിമകൾ നിർമ്മിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ ട്രെയിലറിൽ ഉന്നയിക്കുന്ന ‘നിർബന്ധിത ബീഫ് തീറ്റിക്കൽ’ എന്ന വാദത്തെ ബിജെപി നേതാക്കളുടെ ഇരട്ടത്താപ്പുമായി ബ്രിട്ടാസ് ബന്ധിപ്പിച്ചു. ഉത്തരേന്ത്യയിൽ ബീഫിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്ന ബിജെപി നേതാക്കൾ കേരളത്തിൽ അത് ആസ്വദിച്ചു കഴിക്കുന്നവരാണെന്നും അദ്ദേഹം പരിഹസിച്ചു. ബീഫ് കയറ്റുമതിയുടെ ഭൂരിഭാഗവും ഉത്തർപ്രദേശിൽ നിന്നാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയ അദ്ദേഹം, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ അജണ്ടയാണ് സിനിമയ്ക്ക് പിന്നിലെന്നും ആരോപിച്ചു. നേരത്തെ പുറത്തിറങ്ങിയ ഒന്നാം ഭാഗത്തിൽ ഉന്നയിച്ച 32,000 പെൺകുട്ടികളുടെ മതംമാറ്റമെന്ന കള്ളം പൊളിഞ്ഞത് അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിന്റെ പ്രതിച്ഛായ ലോകത്തിന് മുന്നിൽ തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഈ സിനിമയെന്ന് ബ്രിട്ടാസ് വാദിച്ചു. നിർബന്ധിത മതപരിവർത്തനത്തിന് കേരളത്തിൽ ഒരു തെളിവുമില്ലെന്നും, സിനിമയിൽ ഇരകളായി കാണിക്കുന്നവർ ആരും തന്നെ മലയാളികളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഇത്തരം സിനിമകളെ പ്രൊമോട്ട് ചെയ്യുന്നത് പതിവാണെന്നും, ഇത് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

