പാലക്കാട്: സംസ്ഥാനത്ത് മയക്കുമരുന്നും മറ്റു ലഹരിവസ്തുക്കളും കടത്തുന്നതിനിടെ പിടികൂടിയ വാഹനങ്ങളുടെ ജംബോ ലേലവുമായി എക്സൈസ്. സംസ്ഥാനത്ത് അബ്കാരി, എൻ.ഡി.പി.എസ്. നിയമങ്ങൾ പ്രകാരം കസ്റ്റഡിയിലെടുത്ത് വിൽപ്പനയ്ക്ക് കോടതിയുടെ അനുമതി ലഭിച്ച വാഹനങ്ങളാണ് വിറ്റഴിക്കുന്നത്.
2017 മുതലുള്ള വാഹനങ്ങളാണ് പ്രധാനമായും വില്പനയ്ക്ക് തയ്യാറാക്കിയിട്ടുള്ളതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. വിവിധ സർക്കിൾ, റേഞ്ച് ഓഫീസുകൾ, പോലീസ് സ്റ്റേഷൻ വളപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയുള്ളത്. പോലീസ് പിടികൂടി തുടർനടപടികൾക്കായി കൈമാറിയവയുമുണ്ട്.
ആഡംബര കാറുകൾക്ക് പുറമേ ടെമ്പോ, മിനി ലോറി, ജീപ്പ്, ഓട്ടോറിക്ഷ, മോട്ടോർ സൈക്കിൾ, ബൈക്ക്, സ്കൂട്ടർ തുടങ്ങിയവയാണ് ഏറെയും. ഫെബ്രുവരി 27നകം ലേല നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.
എൻജിൻ നമ്പറും മതിയായ രേഖകളും ലഭ്യമല്ലാത്ത വാഹനങ്ങൾ സ്ക്രാപ്പ് വില കണക്കാക്കിയാവും വിൽക്കുക.വാഹനങ്ങൾ പലതും ലഹരി ഉത്പന്നങ്ങൾ ഒളിപ്പിക്കാനായി രഹസ്യ അറകളും മറ്റും നിർമിച്ചവയും ഘടനയിൽ മാറ്റം വരുത്തിയവയുമാണ്.
ഇത്തരം ഘടകങ്ങൾ നീക്കം ചെയ്യണമെന്ന് വാങ്ങുന്നവരുമായി കരാറുണ്ടാക്കും. ഇതിനുള്ള ചെലവും വണ്ടി വാങ്ങുന്നവർ വഹിക്കണം. നികുതി കുടിശ്ശികയുള്ള വാഹനങ്ങളുമുണ്ട്.

