ദുബൈ: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായി യുഎഇ വ്യോമപാത ഭാഗികമായി അടച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. വിമാനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി. വിമാന സമയക്രമത്തിലെ മാറ്റങ്ങൾ അറിയാൻ യാത്രക്കാർ ബന്ധപ്പെട്ട എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
വിമാനങ്ങൾ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ആവശ്യമായ താമസസൗകര്യവും ഭക്ഷണവും എയർലൈനുകളും പ്രാദേശിക അധികൃതരും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്ന് പൊതുജനങ്ങളോട് അതോറിറ്റി അഭ്യർത്ഥിച്ചു.

