പഴയ സിം കാർഡുകളിൽ സ്വർണം, യുവാവ് വേർതിരിച്ചെടുത്തത് 27 ലക്ഷം വില വരുന്ന സ്വർണം, പിന്നാലെ സംഭവിച്ചത്…

0
5

ബീജിംഗ്: ഉപയോഗശൂന്യമെന്ന് കരുതി നമ്മൾ വലിച്ചെറിയുന്ന പഴയ സിം കാർഡുകൾ ഒരു നിധിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഖിയാവോ എന്ന ചൈനക്കാരൻ. പഴയ സിം കാർഡുകളിൽ നിന്നും ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നും ഖിയാവോ വേർതിരിച്ചെടുത്തത് ഏകദേശം 27 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ചൈനയിലെ റീസെയിൽ പ്ലാറ്റ്‌ഫോമുകളിൽ പഴയ സിം കാർഡുകൾക്കായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

വടക്കുകിഴക്കൻ ചൈനയിലെ ഹുയിസോ സ്വദേശിയായ ഖിയാവോ ലോഹങ്ങൾ വേർതിരിച്ചെടുക്കുന്ന ജോലിയാണ് ചെയ്യുന്നത്. ജനുവരി 20-ന് ഇദ്ദേഹം പങ്കുവെച്ച ഒരു വീഡിയോയാണ് ഇന്റർനെറ്റിൽ തരംഗമായത്. രാസപ്രവർത്തനങ്ങളിലൂടെ (Corrosion, Displacement, Heating) ഇലക്ട്രോണിക് അവശിഷ്ടങ്ങളിൽ നിന്ന് സ്വർണം വേർതിരിക്കുന്നത് വീഡിയോയിൽ കാണാം. ഈ പ്രക്രിയയിലൂടെ ഏകദേശം 191 ഗ്രാം തനിത്തങ്കമാണ് ഖിയാവോയ്ക്ക് ലഭിച്ചത്. ഇതിന് വിപണിയിൽ ഏകദേശം 200,000 യുവാൻ (ഏകദേശം 27 ലക്ഷം ഇന്ത്യൻ രൂപ) വില വരും.

സിം കാർഡുകൾ മാത്രമല്ല താൻ ഉപയോഗിച്ചതെന്ന് ഖിയാവോ വ്യക്തമാക്കുന്നു. ഏകദേശം രണ്ട് ടണ്ണോളം ഇലക്ട്രോണിക് മാലിന്യങ്ങളാണ് (E-waste) ഇതിനായി ഉപയോഗിച്ചത്. ഒരു സാധാരണ സിം കാർഡിൽ ഏകദേശം 0.001 ഗ്രാം സ്വർണം മാത്രമാണ് അടങ്ങിയിരിക്കുന്നത്. കമ്പ്യൂട്ടർ ചിപ്പുകൾ, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവയിലാണ് കൂടുതൽ സ്വർണം അടങ്ങിയിട്ടുള്ളത്. സിം കാർഡുകളിലെ ഗോൾഡ് പ്ലേറ്റഡ് ഭാഗങ്ങൾ വേർതിരിച്ചെടുക്കുന്നത് ലാഭകരമാണെങ്കിലും വലിയ അളവിൽ അവശിഷ്ടങ്ങൾ ആവശ്യമാണ്.

ഖിയാവോയുടെ വീഡിയോ വൈറലായതോടെ ഓൺലൈൻ സെക്കൻഡ് ഹാൻഡ് മാർക്കറ്റുകളിൽ പഴയ സിം കാർഡുകൾ ചാക്കുക്കണക്കിന് വിൽപനയ്ക്ക് എത്തിത്തുടങ്ങി. “സ്വർണം വേർതിരിക്കാം” എന്ന പരസ്യത്തോടെയാണ് പലരും ഇവ വിൽക്കുന്നത്. ഇതോടെ ഖിയാവോയെ സമൂഹമാധ്യമങ്ങളിൽ ആളുകൾ ‘ആധുനിക ആൽക്കെമിസ്റ്റ്’ എന്ന് വിശേഷിപ്പിക്കാനും തുടങ്ങി.

ഈ പരീക്ഷണം അത്ര നിസ്സാരമല്ലെന്നാണ് ഖിയാവോ നൽകുന്ന മുന്നറിയിപ്പ്. മതിയായ അനുഭവസമ്പത്തും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നത് വലിയ അപകടങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

കൂടാതെ, ചൈനയിൽ പഴയ സിം കാർഡുകൾ ‘അപകടകരമായ മാലിന്യങ്ങളുടെ’ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാർ അനുമതിയില്ലാതെ അനധികൃതമായി സ്വർണം വേർതിരിക്കുന്നത് ജയിൽ ശിക്ഷയും കനത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഓൺലൈൻ വഴി ഗോൾഡ് എക്‌സ്‌ട്രാക്ഷൻ കിറ്റുകൾ വിൽക്കുന്നതിനും കർശന നിയന്ത്രണങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here