തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജന ചർച്ച തുടങ്ങി യുഡിഎഫ്. ആദ്യ ഉഭയകക്ഷി ചർച്ചയിൽ ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെട്ടില്ല. എന്നാൽ കോൺഗ്രസും ലീഗും തമ്മിൽ സീറ്റ് വച്ചുമാറുന്നത് പരിഗണനയിലാണ്. തിരുവമ്പാടി, ഗുരുവായൂർ, കളമശ്ശേരി സീറ്റ് വച്ച് മാറ്റമാണ് പരിഗണനയിലുള്ളത്. ഈ സീറ്റുകൾ കോൺഗ്രസിന് നൽകിയാൽ പകരം തവനൂർ, പട്ടാമ്പി, കൊച്ചി സീറ്റുകൾ ലീഗ് വച്ചുമാറും. പുനലൂർ സീറ്റും മാറാനുള്ള തീരുമാനത്തിലാണ് ലീഗ്.
അതേസമയം, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസുമായി ഉടൻ ചർച്ച നടത്തും. വിജയസാധ്യത നോക്കി കേരള കോൺഗ്രസ് സീറ്റുകളിൽ നോട്ടമിട്ടാണ് കോൺഗ്രസിൻ്റെ നീക്കം. ഏറ്റുമാനൂർ, ഇടുക്കി തുടങ്ങി 6 സീറ്റുകളിൽ വിജയ സാധ്യത നോക്കി സീറ്റ് നിർണയത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ ഇന്ന് ദില്ലിയിലേക്ക് പോകും. ഹൈക്കമാന്റുമായുള്ള ചർച്ചകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും സ്ഥാനാർഥി നിർണയം. ജോസഫ് വിഭാഗവുമായുള്ള ചർച്ചകളിൽ സഭകളുടെ താൽപര്യവും പരിഗണിക്കും.

