SIR; രാജ്യത്ത് ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ; ഏറ്റവും കൂടുതൽ ‘പുറത്താക്കൽ’ ഉത്തർപ്രദേശിൽ

0
12

ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89 കോടി പേരാണ് യുപിയിൽ പുറത്തായത്. തമിഴ്നാടാണ് ഉത്തർപ്രദേശിന് പിന്നിൽ. 97 ലക്ഷം ആളുകളാണ് തമിഴ്‌നാട്ടിൽ പുറത്തുപോയത്. തൊട്ടുപിന്നിലുള്ള ഗുജറാത്തിൽ 74 ലക്ഷം പേരാണ് പുറത്താക്കപ്പെട്ടത്. പശ്ചിമ ബംഗാളിൽ 58 ലക്ഷം പേരും കേരളത്തിൽ 24 ലക്ഷം പേരുമാണ് പുറത്തുപോയത്.

കഴിഞ്ഞ ദിവസമാണ് യുപിയിലെ പുതുക്കിയ കരട് വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയത്. 2.89 കോടി വോട്ടർമാർ പുറത്തായതോടെ സംസ്ഥാനത്തെ മൊത്തം വോട്ടർമാരുടെ എണ്ണം 15 കോടിയിൽ നിന്ന് 12 കോടിയായി കുറഞ്ഞു.

മുൻപുണ്ടായിരുന്ന വോട്ടർ പട്ടികയിലെ 15 കോടി ആളുകളിൽ ഏകദേശം 12 കോടി പേർ ഫോമുകൾ തിരികെ നൽകിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞിരുന്നു. മൊത്തം വോട്ടർമാരുടെ ഏകദേശം 81 ശതമാനം വരുമിത്. ബാക്കി ഫോമുകൾ തിരികെ ലഭിച്ചില്ല. ഏകദേശം 46.23 പേർ മരണപ്പെട്ടതായും 2.17 കോടി പേർ പലായനം ചെയ്തതായും 25.47 ലക്ഷം പേർ ഒന്നിൽ കൂടുതൽ തവണ പേര് ചേർത്തെന്നുമാണ് കണ്ടെത്തൽ.

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതോടെ പരാതികൾ അറിയിക്കാനുള്ള അവസാന തീയതിയും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി ആറ് വരെയാണ് പരാതികൾ അറിയിക്കാനാകുക. മാർച്ച് ആറിന് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കും. പട്ടികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക ലിങ്കുകൾ വഴി ലഭ്യമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

അതേസമയം, ബംഗാളിൽ തീവ്ര പരിഷ്കരണത്തെച്ചൊല്ലി വാഗ്വാദങ്ങള്‍ അരങ്ങേറുകയാണ്. ഡിസംബർ 16നാണ് ബംഗാളിൽ കരട് വാട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. പുറത്താക്കപ്പെട്ട 58 ലക്ഷം പേരിൽ പലായനം ചെയ്തവരും മരിച്ചവരും എല്ലാം ഉൾപ്പെടുന്നുണ്ട്. കൊൽക്കത്ത നോർത്ത് നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പേർ പുറത്താക്കപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ഡിസംബർ 24നാണ് കേരളത്തിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കിയത്. കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ നൽകുന്നതിനും ഹിയറിംഗിനും മറ്റുമായി ജനുവരി 22 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here