കുമ്പള ആരിക്കാടി ടോൾ പിരിവിനെതിരെ പ്രതിഷേധം; 500 പേർക്കെതിരെ കേസ്

0
9

കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ടോൾ പിരിക്കുന്നതിനെതിരെ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി ജനകീയ സമരം നടക്കുകയാണ്

ഇന്നലെ രാത്രിയോടെയാണ് വൻ പ്രതിഷേധം ഉയർന്നത്. അതിനിടെ കുമ്പള ടോൾ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഇമ്പശേഖറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ടോൾ പിരിവ് തുടരുമെന്ന് ദേശീയപാത അതോറിറ്റി യോഗത്തിൽ നിലപാട് എടുത്തു.സത്യാഗ്രഹ സമരം തുടരുമെന്ന് എ കെ എം അഷ്‌റഫ്‌ എംഎൽഎ വ്യക്തമാക്കി. യോഗ തീരുമാനങ്ങൾ ചീഫ് സെക്രട്ടറിയെ അറിയിക്കുമെന്ന് കളക്ടർ ഉറപ്പ് നൽകി.

500 പേർക്കെതിരെ കേസെടുത്ത് പൊലീസ്
കുമ്പള ആരിക്കാടി ടോൾ ഗേറ്റ് സംഘർഷത്തിൽ കണ്ടാലറിയാവുന്ന 500 പേർക്കെതിരെ പൊലീസ് കേസെടുത്തു. നിയമവിരുദ്ധമായ ഒത്തുചേരൽ, കലാപം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.കുമ്പള പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഐക്യദാർഢ്യം പ്രകടിപ്പിച്ച് നൂറുകണക്കിന് പേരാണ് ഇന്നലെ രാത്രിയിൽ ടോൾ പ്ലാസയിലേക്ക് എത്തിയത്.

സംഘർഷത്തിൽ പ്രതിഷേധക്കാർ ടോൾ ഗേറ്റിലെ ക്യാമറകൾ അടിച്ച് പൊട്ടിച്ചു. ബൂത്തിലെ ഗ്ലാസുകളും ബോർഡ് അടക്കമുള്ളവയും തകർത്തു. കറുത്ത തുണിയും പ്ലാസ്റ്റിക് കവറും ഉപയോഗിച്ച് ക്യാമറകളെല്ലാം പ്രതിഷേധക്കാർ മറച്ചു. സംഘർഷമുണ്ടായ സാഹചര്യത്തിൽ ഇന്നു മുതൽ സമരം ഏത് രീതിയിൽ വേണമെന്ന് കൂടിയാലോചനക്ക് ശേഷം തീരുമാനിക്കുമെന്ന് എകെഎം അഷറഫ് പറഞ്ഞു.

അതിനിടെ ദേശീയ പാത 66ൽ കോഴിക്കോട് വെങ്ങളം-രാമാനാട്ടുകര റീച്ചിൽ ടോൾ പിരിവ് തുടങ്ങി. ഇന്ന് പുലർച്ചെ മുതൽ ആണ് ടോൾ പിരിവ് തുടങ്ങിയത്. കോൺഗ്രസ്‌ ഇന്ന് ടോൾ ബൂത്തിലേക്ക് പ്രതിഷേധം നടത്തും. നിർമ്മാണം പൂർണ്ണമാകാതെ ടോൾ പിരിക്കുന്നതും ഉയർന്ന ടോൾ നിരക്കുമാണ് പ്രതിഷേധത്തിന് കാരണം. മാമ്പുഴ പാലം അടക്കം 4 പാലങ്ങളുടെ നിർമാണം പകുതിയിൽ ആണ്. പാലാഴിയിൽ കുന്നിടിഞ്ഞത് നീക്കി റോഡ് പൂർണമായി തുറന്നിട്ടില്ല. പ്രധാന ജംഗ്ഷൻ ആയ മലാപ്പറമ്പിലടക്കം പലയിടത്തും സർവീസ് റോഡുകൾ ഇല്ല. ഇതാണ് പ്രതിഷേധത്തിന് കാരണം. 28 കിലോമീറ്റർ പിന്നിടാൻ കാറിന് ഒരു വശത്തേക്ക് 130 രൂപ ടോൾ നൽകണം. 24 മണിക്കൂറിനുള്ളിൽ മടങ്ങിയാൽ ഇരുവശത്തേക്കുമായി 190 രൂപയാണ്. വലിയ വാഹനങ്ങൾക്ക് ഉയർന്ന തുക നൽകണം. 28 കിലോമീറ്റർ ദൂരത്തിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ടോൾ നിരക്കാണ് ഇവിടെ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here