ന്യൂഡൽഹി:കോവിഡ്-19 വാക്‌സിനേഷനും ചെറുപ്പക്കാർക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഒരു വർഷം നീണ്ടു നിന്ന ഗവേഷണത്തിൽ കോവിഡ് വാക്‌സിനും ഹൃദയാഘാതം മൂലമുള്ള മരണവും തമ്മിൽ ബന്ധിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനായില്ലെന്നും എയിംസ് പഠനം പറയുന്നു. 18-45 വയസ് പ്രായമുള്ളവരിലും 46-65 വയസുള്ളവരിലുമാണ് ഗവേഷകര്‍ പഠനം നടത്തിയത്.
ഹൃദയ സംബന്ധമായ അസുഖങ്ങളാണ് മിക്ക മരണങ്ങൾക്കും പ്രധാന കാരണമെന്ന് ഗവേഷകർ കണ്ടെത്തി. നിരവധി കേസുകളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങളുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ്-19 വാക്‌സിനുകളും പെട്ടെന്നുള്ള മരണങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പ്രചരിക്കുന്ന സമയത്ത് ഈ പഠനം വളരെ പ്രധാനമാണെന്ന് എയിംസിലെ പ്രൊഫസർ ഡോ. സുധീർ അരവ പറഞ്ഞു. ഗവേഷണത്തിലെ കണ്ടെത്തലുകൾ അത്തരം അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചെറുപ്പക്കാർക്കിടയിലുള്ള പെട്ടന്നുള്ള മരണങ്ങൾ ദാരുണമാണെ്. എന്നാൽ പലപ്പോഴും രോഗനിർണയം നടത്താത്ത ആരോഗ്യപ്രശ്‌നങ്ങളാണ് ഇത്തരം മരണങ്ങൾക്ക് പിന്നിലെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾ നേരത്തെ തിരിച്ചറിയാതെ പോകുന്നതും മരണങ്ങളുടെ നിരക്ക് കൂട്ടുന്നുണ്ട്.ഇത് ഒഴിവാക്കാനായി കൃത്യമായ ഇടവേളകളിൽ സമഗ്ര ആരോഗ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.കൂടാതെ ആരോഗ്യകരമായ ജീവിത ശൈലി നയിക്കുക,സമയബന്ധിതമായി വൈദ്യ സഹായം നേടുക എന്നതും പ്രധാനപ്പെട്ടതാണ്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട തെറ്റായ അവകാശവാദങ്ങൾ വിശ്വസിക്കരുതെന്നും ഇക്കാര്യത്തിൽ ശാസ്ത്രീയ സ്രോതസ്സുകളെ മാത്രം വിശ്വസിക്കണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

